ചുമ്മാതങ്ങ് ജയിച്ചതല്ല, റെക്കോഡും തൂക്കിയാണ് ഹൈദരാബാദ് പടിയിറങ്ങിയത്!
2025 IPL
ചുമ്മാതങ്ങ് ജയിച്ചതല്ല, റെക്കോഡും തൂക്കിയാണ് ഹൈദരാബാദ് പടിയിറങ്ങിയത്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 11:58 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് കമ്മിന്‍സും സംഘവും നേടിയത്. ഇതോടെ 2025 ഐ.പി.എല്ലില്‍ നിന്ന് ഹൈദരാബാദ് യാത്ര പറഞ്ഞിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം എട്ട് പന്ത് ബാക്കി നില്‍ക്കെ 168ല്‍ അവസാനിക്കുകയായിരുന്നു.

ഈ വിജയത്തോടെ ഒരു മിന്നും റെക്കോഡും ഹൈദരാബാദ് സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഹൈദരാബാദ് നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് കൊല്‍ക്കത്തയ്‌ക്കെതിരെ സ്വന്തമാക്കിയത്. 2019ല്‍ ബെംഗളൂരുവിനെതിരെയാണ് ഹൈദരാബാദ് തങ്ങളുടെ ഏറ്റവും വലിയ വിജയം നേടിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഹൈദരാബാദ് നേടുന്ന ഏറ്റവും വലിയ വിജയം, എതിരാളി, വര്‍ഷം

118 റണ്‍സ് – ബെംഗളൂരു – 2019

110 റണ്‍സ് – കൊല്‍ക്കത്ത – 2025*

88 റണ്‍സ് – ദല്‍ഹി – 2020

85 റണ്‍സ് – മുംബൈ – 2016

ഹൈദരാബാദിനായി മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയത് ഹെന്റിക് ക്ലാസനാണ്. 39 പന്തില്‍ പുറത്താവാതെ 105 റണ്‍സ് എടുത്താണ് താരം ഹൈദരാബാദിനെ ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് സിക്‌സും ഏഴ് ഫോറും അടിച്ചാണ് സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.

ക്ലാസന് പുറമെ ഹൈദരാബാദ് നിരയില്‍ ട്രാവിസ് ഹെഡും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഹെഡ് 40 പന്തില്‍ ആറ് സിക്‌സും ഫോറും വീതം 76 റണ്‍സാണ് നേടിയാണ് ടീമിന് കരുത്തായത്. കൂടാതെ അഭിഷേക് ശര്‍മ (16 പന്തില്‍ 32), ഇഷാന്‍ കിഷന്‍ (20 പന്തില്‍ 29) എന്നിവരും മികച്ച പ്രകടനം നടത്തി. ടീമിനായി ജയ്‌ദേവ് ഉനദ്കട്, ഇഷാന്‍ മലിംഗ, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Content Highlight: IPL 2025: Sunrisers Hyderabad In Great Record Achievement In IPL History