| Sunday, 25th May 2025, 11:24 pm

അവസാനമായി ഉദിച്ചുയര്‍ന്ന് സണ്‍റൈസേഴ്‌സ്; പരാജിതരുടെ പോരാട്ടത്തില്‍ ചാമ്പ്യന്‍മാരെ തകര്‍ത്ത് ഓറഞ്ച് ആര്‍മിക്ക് കൂറ്റന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

സീസണിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിച്ച് സണ്‍റൈസേഴ്‌സ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ പടിയിറങ്ങുന്നത്.

ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് കമ്മിന്‍സും സംഘവും നേടിയത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 279 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 168ന് പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് മികച്ച തുടക്കമാണ് ട്രവിഷേക് സഖ്യം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും സ്‌കോറിങ്ങിന് അടിത്തറയൊരുക്കി.

16 പന്തില്‍ 32 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ പുറത്താക്കി സുനില്‍ നരെയ്‌നാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. റിങ്കു സിങ്ങിന്റെ കൈകളിലൊതുങ്ങിയായിരുന്നു ശര്‍മയുടെ മടക്കം.

വണ്‍ ഡൗണായെത്തിയ ക്ലാസന്റെ വെടിക്കെട്ടിനാണ് ഫിറോസ് ഷാ കോട്‌ല ശേഷം സാക്ഷ്യം വഹിച്ചത്. ഒരു വശത്ത് നിന്ന് ക്ലാസനും മറുവശത്ത് നിന്ന് ട്രാവിസ് ഹെഡും നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരെ മാറി മാറി തല്ലിയൊതുക്കി.

92ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് തരുന്നത് 175ലാണ്. 40 പന്തില്‍ 76 റണ്‍സ് നേടിയ മീശക്കാരന്‍ തലയെ മടക്കി സുനില്‍ നരെയ്ന്‍ വീണ്ടും കൊല്‍ക്കത്തയ്ക്ക് ശ്വാസം നല്‍കി.

പിന്നാലെയെത്തിയ ഇഷാന്‍ കിഷന് വിരുന്നൊരുക്കിയത് ക്ലാസന്‍ കാര്‍ണേജാണ്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും ക്ലാസന്റെ വെടിക്കെട്ടില്‍ പന്ത് ഗാലറിയിലെത്തുന്നത് ഇഷാന്‍ കിഷന്‍ കണ്‍നിറയെ കണ്ടുകൊണ്ടിരുന്നു.

20 പന്തില്‍ 29 റണ്‍സ് നേടി ഇഷാന്‍ പുറത്തായെങ്കിലും മറുവശത്ത് ക്ലാസന്‍ ഉറച്ചുനിന്നു. 17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂത്തിയാക്കിയ താരം 37ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഏഴ് ഫോറും ഒമ്പത് സിക്‌സറും ഉള്‍പ്പടെ 39 പന്തില്‍ പുറത്താകാതെ 105 റണ്‍സാണ് പ്രോട്ടിയാസ് വമ്പന്‍ അടിച്ചെടുത്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 278ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്ന്‍ മോശമല്ലാത്ത തുടക്കം നല്‍കി. എന്നാല്‍ ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെ നരെയ്‌നെ ടീമിന് നഷ്ടമായി. 16 പന്ത് നേരിട്ട് മൂന്ന് വീതം ഫോറും സിക്‌സറും സ്വന്തമാക്കി വെടിക്കെട്ട് നടത്തവെ ജയ്‌ദേവ് ഉനദ്കട്ടാണ് കരീബിയന്‍ കരുത്തനെ മടക്കിയത്.

പിന്നാലെയെത്തിയ അജിന്‍ക്യ രഹാനെ എട്ട് പന്തില്‍ 15 റണ്‍സിനും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 13 പന്തില്‍ ഒമ്പത് റണ്‍സിനും മടങ്ങിയതോടെ ടീം 61/3 എന്ന നിലയിലേക്ക് വീണു.

ഇതിനോടകം സമ്മര്‍ദത്തിലായ കൊല്‍ക്കത്തയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി ഹര്‍ഷ് ദുബെ തിളങ്ങി. എട്ടാം ഓവറില്‍ ഇരട്ട വിക്കറ്റ് വീഴ്ത്തിയാണ് ദുബെ സണ്‍റൈസേഴ്‌സിന് മൊമെന്റം സമ്മാനിച്ചത്. റിങ്കു സിങ്ങിനെ ഒമ്പത് റണ്‍സിന് മടക്കിയ താരം പിന്നാലെയെത്തിയ ആന്ദ്രേ റസലിനെ ഗോള്‍ഡന്‍ ഡക്കാക്കിയും പുറത്താക്കി.

ഇംപാക്ട് പ്ലെയറായെത്തിയ ആംഗ്രിഷ് രഘുവംശി കാര്യമായ ഇംപാക്ട് ഉണ്ടാക്കാതെ 14 റണ്‍സ് നേടി പുറത്തായി. ക്വിക് കാമിയോയുമായി തിളങ്ങിയ രമണ്‍ദീപ് സിങ്ങിനെ ഹര്‍ഷ് ദുബെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ സണ്‍റൈസേഴ്‌സ് കൂടുതല്‍ പിടിമുറുക്കി.

അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി കൊല്‍ക്കത്തയെ താങ്ങി നിര്‍ത്തിയ മനീഷ് പാണ്ഡേ – ഹര്‍ഷിത് റാണ എന്നിവരുടെ കൂട്ടുകെട്ടും പൊളിച്ച് പാണ്ഡേയെ ഉനദ്കട് മടങ്ങിയതോടെ സണ്‍റൈസേഴ്‌സ് ആരാധകര്‍ വന്‍വിജയത്തിനുള്ള കോപ്പുകൂട്ടി. 23 പന്തില്‍ 37 റണ്‍സുമായാണ് പാണ്ഡേ പുറത്തായത്.

ടീം സ്‌കോര്‍ 168 നില്‍ക്കവെ 21 പന്തില്‍ 34 റണ്‍സ് നേടിയ ഹര്‍ഷിത് റാണയെ കൈപ്പിടിയിലൊതുക്കി ഇഷാന്‍ മലിംഗ ഓറഞ്ച് ആര്‍മിക്ക് വിജയവും രണ്ട് പോയിന്റും സമ്മാനിച്ചു.

സണ്‍റൈസേഴ്‌സിനായി ജയ്‌ദേവ് ഉനദ്കട്, ഇഷാന്‍ മലിംഗ, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Content Highlight: IPL 2025: Sunrisers Hyderabad defeated Kolkata Knight Riders

We use cookies to give you the best possible experience. Learn more