അവര്‍ ബുദ്ധിപൂര്‍വമാണ് ടീമിനെ തെരഞ്ഞെടുത്തത്, കിരീടത്തിന് ഇത്തവണ പുതിയ അവകാശികളുണ്ടാകും: ഗവാസ്‌കര്‍
2025 IPL
അവര്‍ ബുദ്ധിപൂര്‍വമാണ് ടീമിനെ തെരഞ്ഞെടുത്തത്, കിരീടത്തിന് ഇത്തവണ പുതിയ അവകാശികളുണ്ടാകും: ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th May 2025, 4:09 pm

ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും ഉയര്‍ന്നു.

മുംബൈ നേടിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ഇതോടെ ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമാകാനും കിങ്‌സിന് സാധിച്ചു.

ഇപ്പോള്‍ പഞ്ചാബ് കിങ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സുനില്‍ ഗവാസ്‌കര്‍. പഞ്ചാബിനെ ആരും തുടക്കത്തില്‍ ഭയപ്പെട്ടില്ലെന്നും ലേലത്തില്‍ മികച്ച അണ്‍ക്യാപ്ഡ് കളിക്കാരെ അവര്‍ സ്വന്തമാക്കിയെന്നും ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല പ്രിയാന്‍ഷ് ആര്യയെപ്പോലെയുള്ള താരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ക്രഡിറ്റ് അവര്‍ക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പഞ്ചാബ് കിങ്സിനെ ആരും തുടക്കത്തില്‍ ഭയപ്പെട്ടിരുന്നില്ല. ലേലത്തില്‍ അവര്‍ ബുദ്ധിപൂര്‍വ്വമാണ് ടീമിനെ തെരഞ്ഞെടുത്തത്. ലേലത്തില്‍ മികച്ച യുവ അണ്‍ ക്യാപ്ഡ് കളിക്കാരെ അവര്‍ക്ക് ലഭിച്ചു. പഞ്ചാബ് അവരെ നോട്ടമിട്ടതാണ്. അവരേക്കുറിച്ച് പഞ്ചാബ് നന്നായി മനസിലാക്കി. ആഭ്യന്തര ക്രിക്കറ്റ് ലീഗുകളില്‍ ധാരാളം താരങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

പ്രിയാന്‍ഷ് ആര്യയെപ്പോലുള്ള ഒരാള്‍ ഏഴ് സിക്സറുകള്‍ അടിക്കുമ്പോഴാണ് അത്തരം താരങ്ങളുടെ കഴിവ് നിങ്ങള്‍ മനസിലാക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയിട്ടുളള ചില നല്ല കളിക്കാരെയും ഇത്തവണ പഞ്ചാബ് ടീമിലെടുത്തു. ടീം പ്ലേ ഓഫില്‍ എത്തിയതില്‍ അവര്‍ക്ക് മുഴുവന്‍ ക്രെഡിറ്റും നല്‍കാം. അവരെ കുറിച്ച് വളരെ സന്തോഷം തോന്നുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്, കിരീടത്തിന് ഇത്തവണ പുതിയ അവകാശികളുണ്ടാകുമെന്ന്,’ ഗവാസ്‌കര്‍ പറഞ്ഞു.

പഞ്ചാബിനെ വിജയകരമായി നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പ്രകടനവും ടീമിന് ഏറെ നിര്‍ണായകമായിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് അയ്യര്‍ നടത്തിയത്. 14 മത്സരങ്ങളില്‍ നിന്ന് 514 റണ്‍സാണ് താരം നേടിയത്. 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 51.40 ആവറേജും 171.91 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അഞ്ച് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് അയ്യരുടെ മിന്നും പ്രകടനം.

Content Highlight: IPL 2025: Sunil Gavaskar Talking About Panjab Kings