| Saturday, 12th April 2025, 10:00 pm

ഒറ്റ റണ്‍സിന് രക്ഷപ്പെട്ടുപോയതാണ്; കരിയര്‍ തിരുത്തിയ നാണക്കേടുമായി മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 245 റണ്‍സിന്റെ ടോട്ടലുമായി പഞ്ചാബ് കിങ്‌സ്. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങളുടെ മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോസ് നേടിയ പഞ്ചാബ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും അടിത്തറയിട്ട ഇന്നിങ്‌സ് ശ്രേയസ് അയ്യര്‍ കെട്ടിപ്പൊക്കുകയും മാര്‍ക്കസ് സ്റ്റോയ്‌നിസ് തന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ മികച്ച സ്‌കോറിലെത്തിക്കുകയുമായിരുന്നു.

ശ്രേയസ് അയ്യര്‍ 26 പന്തില്‍ 82 റണ്‍സ് നേടിയപ്പോള്‍ പ്രഭ്‌സിമ്രാന്‍ 23 പന്തില്‍ 42 റണ്‍സും പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 36 റണ്‍സും അടിച്ചെടുത്തു. 11 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് സ്റ്റോയ്‌നിസ് നേടിയത്.

മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറില്‍ നേരിട്ട അഞ്ച് പന്തില്‍ നിന്നും നാല് സിക്‌സര്‍ ഉള്‍പ്പടെ 26 റണ്‍സാണ് സ്റ്റോയ്‌നിസ് അടിച്ചെടുത്തത്. ഇതോടെ നാല് ഓവറില്‍ നിന്നും 75 റണ്‍സാണ് ഷമിക്ക് വിട്ടുകൊടുക്കേണ്ടി വന്നു.

കരിയറില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത മോശം നേട്ടത്തിലേക്കാണ് ഇതിന് പിന്നാലെ മുഹമ്മദ് ഷമി ചെന്നെത്തിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് ഷമിയെത്തിയത്.

ഈ സീസണില്‍ സണ്‍റൈസേഴ്‌സിനെതിരെ ജോഫ്രാ ആര്‍ച്ചര്‍ വഴങ്ങിയ റണ്‍സാണ് ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് പ്രകടനം.

ഐ.പി.എല്ലിലെ ഏറ്റവും മോശം ബൗളിങ് പ്രകടനം

(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ജോഫ്രാ ആര്‍ച്ചര്‍ – രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 76/0 2025

മുഹമ്മഗ് ഷമി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പഞ്ചാബ് കിങ്‌സ് – 75/0 2025*

മോഹിത് ശര്‍മ – ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 73/0 2024

ബേസില്‍ തമ്പി – സണ്‍റൈസേഴ്സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 70/0 2018

യാഷ് ദയാല്‍ – ഗുജറാത്ത് ടൈറ്റന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 69/0 2023

അതേസമയം, പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റണ്‍സ് എന്ന നിലയിലാണ്. 13 പന്തില്‍ 22 റണ്‍സുമായി ട്രാവിസ് ഹെഡും അഞ്ച് പന്തില്‍ 18 റണ്‍സുമായി അഭിഷേക് ശര്‍മയുമാണ് ക്രീസില്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍കസ് സ്റ്റോയ്‌നിസ്, നെഹല്‍ വധേര, ഗ്ലെന്‍ മാക്സ്‌വെല്‍, ശശാങ്ക് സിങ്, മാര്‍കോ യാന്‍സെന്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ലോക്കി ഫെര്‍ഗൂസണ്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി, ഇഷാന്‍ മലിംഗ.

Content highlight: IPL 2025: SRH vs PBKS: Mohammed Shami now hold the unwanted record of second most expensive spell in IPL history.

We use cookies to give you the best possible experience. Learn more