ഐ.പി.എല്‍ 2025ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 245 റണ്‍സിന്റെ ടോട്ടലുമായി പഞ്ചാബ് കിങ്‌സ്. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങളുടെ മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ടോസ് നേടിയ പഞ്ചാബ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും അടിത്തറയിട്ട ഇന്നിങ്‌സ് ശ്രേയസ് അയ്യര്‍ കെട്ടിപ്പൊക്കുകയും മാര്‍ക്കസ് സ്റ്റോയ്‌നിസ് തന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ മികച്ച സ്‌കോറിലെത്തിക്കുകയുമായിരുന്നു.
മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറില്‍ നേരിട്ട അഞ്ച് പന്തില്‍ നിന്നും നാല് സിക്‌സര്‍ ഉള്‍പ്പടെ 26 റണ്‍സാണ് സ്റ്റോയ്‌നിസ് അടിച്ചെടുത്തത്. ഇതോടെ നാല് ഓവറില്‍ നിന്നും 75 റണ്‍സാണ് ഷമിക്ക് വിട്ടുകൊടുക്കേണ്ടി വന്നു.
കരിയറില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത മോശം നേട്ടത്തിലേക്കാണ് ഇതിന് പിന്നാലെ മുഹമ്മദ് ഷമി ചെന്നെത്തിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് ഷമിയെത്തിയത്.
ഈ സീസണില്‍ സണ്‍റൈസേഴ്‌സിനെതിരെ ജോഫ്രാ ആര്‍ച്ചര്‍ വഴങ്ങിയ റണ്‍സാണ് ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് പ്രകടനം.