ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഹൈദരാബാദ് വഴങ്ങിയത്. ഇതോടെ സീസണിലെ ആറാം തോല്‍വിയാണ് ഓറഞ്ച് ആര്‍മി നേരിട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് തുടക്കത്തിലേ പിഴച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ ഒരിക്കല്‍ക്കൂടി തിളങ്ങാന്‍ സാധിക്കാതെ പോയി. പവര്‍ പ്ലേയില്‍ തന്നെ ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കി പുറത്തായാണ് ഹൈദരാബാദിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
💔#PlayWithFire | #SRHvMI | #TATAIPL2025 pic.twitter.com/MDPOqu6NWu
— SunRisers Hyderabad (@SunRisers) April 23, 2025
പിന്നാലെ എത്തിയവര്‍ ഓരോ ഓവറിലും പുറത്തായി. ബിഗ് ഹിറ്റിന് പേരുകേട്ട ഹൈദരാബാദ് ടോപ് ഓർഡർ തീർത്തും നിരാശപ്പെടുത്തി. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഒറ്റയക്കത്തില്‍ പുറത്തായിരുന്നു.

ഇപ്പോള്‍ കഴിഞ്ഞ ഐ.പി.എല്ലില്‍ സീസണിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനാവുകയും ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത ഹൈദരാബാദ് ബാറ്റര്‍ നിതീഷ് കുമാറിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഓസ്ട്രേലിയയില്‍ നിതീഷ് നടത്തിയ പ്രകടനത്തിന് ശേഷം ഐ.പി.എല്ലില്‍ അവന്‍ ആധിപത്യം സ്ഥാപിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു.





