ഐ.പി.എല്‍ 2025ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ പന്തിന്റെ ലഖ്നൗവിന് ജയം. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൂപ്പര്‍ ജയന്റ്സ് മറികടക്കുകയായിരുന്നു. ഷര്‍ദുല്‍ താക്കൂറിന്റെ ഫോര്‍ഫറും നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളുമാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിന് തുടക്കം പാളിയിരുന്നു. ഓറഞ്ച് ആര്‍മിയുടെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്.
Hyderabad conquered ✅
Win secured ✅#LSG get their first 𝐖 of #TATAIPL 2025 with a comfortable victory over #SRH 💙
ആകെ നേരിട്ട നാല് പന്തില്‍ മൂന്നിലും സിക്സര്‍ നേടിയാണ് കമ്മിന്‍സ് തിളങ്ങിയത്. 17ാം ഓവറിലെ അഞ്ചാം പന്തില്‍ ഷര്‍ദുല്‍ താക്കൂര്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഷോര്‍ട്ട് ലെങ്ത് ഡെലിവെറി ഡീപ്പ് ബാക്ക്വാര്‍ഡ് പോയിന്റിലൂടെയാണ് ഗാലറിയിലെത്തിച്ച താരം ആദ്യ സിക്സര്‍ സ്വന്തമാക്കി. താക്കൂര്‍ വീണ്ടും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്‍ ടോസ് കമ്മിന്‍സ് ഒരിക്കല്‍ക്കൂടി അതിര്‍ത്തി കടത്തി.
ആവേശ് ഖാന്‍ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ഹര്‍ഷല്‍ പട്ടേല്‍ ക്യാപ്റ്റനെ വീണ്ടും സ്ട്രൈക്കിലെത്തിച്ചു. കമ്മിന്‍സിനെതിരെ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഗുഡ് ലെങ്ത് ബോള്‍ ഇത്തവണ ലോങ് ഓഫിന് മുകളിലൂടെയാണ് ഗാലറിയിലേക്ക് പറന്നിറങ്ങിയത്.
വീണ്ടും അതേ ശൈലിയില്‍, പുതിയ തന്ത്രങ്ങളുമായി ആവേശ് പന്തെറിഞ്ഞപ്പോള്‍ ദിഗ്വേഷ് സിങ്ങിന്റെ കൈകളിലൊതുങ്ങിയാണ് താരം മടങ്ങിയത്. നാല് പന്തില്‍ 18 റണ്‍സുമായാണ് ക്യാപ്റ്റന്‍ പുറത്തായത്.
ഈ തകര്‍പ്പന്‍ പ്രകടനത്തോടെ മറ്റൊരു റെക്കോഡും കമ്മിന്‍സ് സ്വന്തം പേരിലെഴുതി. ഐ.പി.എല്‍ ചരിത്രത്തില്‍ നേരിടുന്ന ആദ്യ മൂന്ന് ബോളില്‍ സിക്‌സ് നേടുന്ന നാലാമത്തെ മാത്രം താരമാകാനാണ് ഹൈദരാബാദ് നായകന് സാധിച്ചത്.