| Sunday, 25th May 2025, 9:58 pm

'എന്റെ ഉദയാ... ഇത് നിങ്ങള്‍ തന്നെയോ!!' ഈ അടി നേരത്തെ അടിച്ചിരുന്നേല്‍ ഇപ്പോള്‍ പ്ലേ ഓഫ് കളിച്ചേനേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ തങ്ങളുടെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റണ്‍ മല തീര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 278 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഓറഞ്ച് ആര്‍മി അടിച്ചെടുത്തത്.

ഹെന്‌റിക് ക്ലാസന്റെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെയും കരുത്തിലാണ് സണ്‍റൈസേഴ്‌സ് മികച്ച സ്‌കോറിലെത്തിയത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത് സ്‌കോറാണിത്. ഈ റെക്കോഡ് നേട്ടത്തിലെ ആദ്യ നാല് സ്ഥാനങ്ങളിലും സണ്‍റൈസേഴ്‌സ് തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നത്.

ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന ടോട്ടലുകള്‍

(ടീം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം വേദി എന്നീ ക്രമത്തില്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 287/3 2024 ബെംഗളൂരു

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – രാജസ്ഥാന്‍ റോയല്‍സ് – 286/6 2025

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 278/3 2025 – ദല്‍ഹി*

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് – 277/3 2024 – ഹൈദരാബാദ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 272/7 – 2024 – വിശാഖപട്ടണം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് മികച്ച തുടക്കമാണ് ട്രവിഷേക് സഖ്യം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും സ്‌കോറിങ്ങിന് അടിത്തറയൊരുക്കി.

16 പന്തില്‍ 32 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ പുറത്താക്കി സുനില്‍ നരെയ്‌നാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. റിങ്കു സിങ്ങിന്റെ കൈകളിലൊതുങ്ങിയായിരുന്നു ശര്‍മയുടെ മടക്കം.

വണ്‍ ഡൗണായെത്തിയ ക്ലാസന്റെ വെടിക്കെട്ടിനാണ് ഫിറോസ് ഷാ കോട്‌ല ശേഷം സാക്ഷ്യം വഹിച്ചത്. ഒരു വശത്ത് നിന്ന് ക്ലാസനും മറുവശത്ത് നിന്ന് ട്രാവിസ് ഹെഡും നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരെ മാറി മാറി തല്ലിയൊതുക്കി.

92ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് തരുന്നത് 175ലാണ്. 40 പന്തില്‍ 76 റണ്‍സ് നേടിയ മീശക്കാരന്‍ തലയെ മടക്കി സുനില്‍ നരെയ്ന്‍ വീണ്ടും കൊല്‍ക്കത്തയ്ക്ക് ശ്വാസം നല്‍കി.

പിന്നാലെയെത്തിയ ഇഷാന്‍ കിഷന് വിരുന്നൊരുക്കിയത് ക്ലാസന്‍ കാര്‍ണേജാണ്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും ക്ലാസന്റെ വെടിക്കെട്ടില്‍ പന്ത് ഗാലറിയിലെത്തുന്നത് ഇഷാന്‍ കിഷന്‍ കണ്‍നിറയെ കണ്ടുകൊണ്ടിരുന്നു.

20 പന്തില്‍ 29 റണ്‍സ് നേടി ഇഷാന്‍ പുറത്തായെങ്കിലും മറുവശത്ത് ക്ലാസന്‍ ഉറച്ചുനിന്നു. 17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂത്തിയാക്കിയ താരം 37ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഏഴ് ഫോറും ഒമ്പത് സിക്‌സറും ഉള്‍പ്പടെ 39 പന്തില്‍ പുറത്താകാതെ 105 റണ്‍സാണ് പ്രോട്ടിയാസ് വമ്പന്‍ അടിച്ചെടുത്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 278ലെത്തി.

Content Highlight: IPL 2025: SRH vs KKR: Sunrisers Hyderabad post the total of 278 against Kolkata Knight Riders

We use cookies to give you the best possible experience. Learn more