| Monday, 26th May 2025, 7:32 am

ഫൈനലില്‍ എത്താന്‍ കഴിയുന്ന ഒരു ടീമുണ്ടായിരുന്നു, പക്ഷേ....ഹൈദരാബാദിന്റെ പരാജയങ്ങളെ കുറിച്ച് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025 ജയത്തോടെ അവസാനിപ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. സീസണിലെ അവസാന അങ്കത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് കമ്മിന്‍സും സംഘവും നേടിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 279 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 168ന് പുറത്തായി.

ഇതോടെ അവസാന മൂന്ന് മത്സരങ്ങളില്‍ ജയിച്ച് സീസണില്‍ നിന്ന് പടിയിറങ്ങാന്‍ ഓറഞ്ച് ആര്‍മിക്ക് സാധിച്ചു. പോയിന്റ് ടേബിളിലെ ആറാം സ്ഥാനക്കാരായാണ് കമ്മിന്‍സും കൂട്ടരും പടിയിറങ്ങുന്നത്.

മത്സര ശേഷം സീസണിലെ ടീമിന്റെ പ്രകടനങ്ങളെ കുറിച്ച് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സംസാരിച്ചിരുന്നു. ഇത് ഒരു അത്ഭുതകരമായ ഫിനിഷിങ്ങായിരുന്നുവെന്നും അവസാന കുറച്ച് മത്സരങ്ങളില്‍ നന്നായി കളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫൈനലില്‍ എത്താന്‍ കഴിയുന്ന ടീമുണ്ടായിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് ഓസ്ട്രേലിയന്‍ താരം അഭിപ്രായപ്പെട്ടു. മറ്റ് സ്റ്റേഡിയങ്ങളില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന് കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

‘ഇത് ഒരു അത്ഭുതകരമായ ഫിനിഷിങ്ങായിരുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍, പ്രത്യേകിച്ച് ഞങ്ങളുടെ ബാറ്റിങ്ങില്‍ നല്ല മാറ്റമുണ്ടായി. ഞങ്ങള്‍ക്ക് കഴിവുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ ചിലപ്പോഴൊക്കെ, ഞങ്ങള്‍ വളരെ മോശമായി കളിച്ചു. സാധാരണയായി ഫൈനലിലെത്താന്‍ കഴിയുന്ന ഒരു ടീമാണ് ഞങ്ങള്‍ക്കുള്ളത്, പക്ഷേ ഈ വര്‍ഷം അത് സംഭവിച്ചില്ല.

ധാരാളം സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന പിച്ചാണ് ഞങ്ങള്‍ക്കുള്ളത്. പക്ഷേ മറ്റുള്ളയിടത്ത് ഏകദേശം 170 റണ്‍സ് ലക്ഷ്യമിടേണ്ടതുണ്ട്, അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഈ സീസണില്‍ നിരവധി കളിക്കാര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചു. പരിക്കുകളും കളിക്കാരുടെ ടീം വിടലുകള്‍ ഉണ്ടായെങ്കിലും ടീമില്‍ ഞാന്‍ ശരിക്കും സന്തുഷ്ടനാണ്. ഞങ്ങള്‍ 20 വ്യത്യസ്ത കളിക്കാരെ ഉപയോഗിച്ചതായി തോന്നി,’ കമ്മിന്‍സ് പറഞ്ഞു.

കൊല്‍ക്കത്തക്കെതിരെ ഹെന്റിക്ക് ക്ലാസന്റെയും ട്രാവിസ് ഹെഡിന്റെയും വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ക്ലാസന്‍ 39 പന്തില്‍ ഒമ്പത് സിക്സും ഏഴ് ഫോറും അടക്കം 107 റണ്‍സ് എടുത്തതാണ് കൊല്‍ക്കത്തയെ വെള്ളം കുടിപ്പിച്ചത്. താരത്തിന് പുറമെ 40 പന്തില്‍ ആര്‍ വീതം സിക്സും ഫോറും ഉള്‍പ്പെടെ 76 റണ്‍സ് എടുത്ത് ഹെഡും ഡിഫന്‍ഡിങ് ചാമ്പ്യന്മാരെ പ്രഹരമേല്പിച്ചിരുന്നു.

Content Highlight: IPL 2025: SRH vs KKR: Pat Cummins talks about Sunrisers Hyderabad’s performance in this IPL season

We use cookies to give you the best possible experience. Learn more