നിങ്ങള്‍ മോശമായി പന്തെറിഞ്ഞാല്‍ അവര്‍ നിങ്ങളെ ശിക്ഷിക്കും; തോല്‍വിയുടെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് കമ്മിന്‍സ്
IPL
നിങ്ങള്‍ മോശമായി പന്തെറിഞ്ഞാല്‍ അവര്‍ നിങ്ങളെ ശിക്ഷിക്കും; തോല്‍വിയുടെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് കമ്മിന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd May 2025, 9:21 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിന്റെ തോല്‍വിയാണ് ഹൈദരാബാദ് വഴങ്ങിയത്. ശുഭ്മന്‍ ഗില്ലിന്റെയും ജോസ് ബട്ലറിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റിന് 186 എന്ന നിലയില്‍ ഹൈദരാബാദിന്റെ പോരാട്ടം അവസാനിച്ചു. സണ്‍റൈസേഴ്സിനായി അഭിഷേക് ശര്‍മ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.

ഗുജറാത്തിനെതിരെ തോറ്റതോടെ സീസണിലെ ഏഴാം തോല്‍വിയും ഓറഞ്ച് ആര്‍മിക്ക് നേരിടേണ്ടി വന്നു. ഇത് ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. മത്സര ശേഷം ഹൈദരാബാദ് നായകന്‍ തോല്‍വിയെ കുറിച്ച് സംസാരിച്ചിരുന്നു. മത്സരത്തില്‍ കുറച്ച് കാര്യങ്ങള്‍ ശരിയായി നടന്നില്ലെന്നും തങ്ങള്‍ 20-30 റണ്‍സ് കൂടുതല്‍ വിട്ടുനല്‍കിയെന്നും കമ്മിന്‍സ് പറഞ്ഞു.

ഫീല്‍ഡിങ് കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നും തങ്ങള്‍ ഒരുപാട് മോശം പന്തുകള്‍ എറിഞ്ഞെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

‘മത്സരത്തില്‍ കുറച്ച് കാര്യങ്ങള്‍ ശരിയായി നടന്നില്ല. പവര്‍പ്ലേയില്‍ ഞങ്ങളുടെ ബാറ്റിങ് മികച്ചതായിരുന്നില്ല. ഞാനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞങ്ങള്‍ 20-30 റണ്‍സ് കൂടുതല്‍ വിട്ടുനല്‍കി. ഒരുപക്ഷേ ഒന്നോ രണ്ടോ ക്യാച്ചുകള്‍ കൂടി എടുക്കാമായിരുന്നു – എനിക്കും ഒന്ന് നഷ്ടമായി. 200 റണ്‍സ് പിന്തുടരുന്നത് എളുപ്പമാകുമായിരുന്നു.

അവരുടെ ബാറ്റര്‍മാര്‍ വളരെ കഴിവുള്ളവരാണ്. അവര്‍ വിചിത്രമായി ഒന്നും ചെയ്യില്ല. പക്ഷേ നിങ്ങള്‍ മോശമായി പന്തെറിഞ്ഞാല്‍ അവര്‍ നിങ്ങളെ ശിക്ഷിക്കും. ഞങ്ങള്‍ വളരെയധികം മോശം പന്തുകളെറിഞ്ഞു. പിച്ച് ബാറ്റിങ്ങിന് നല്ലതായിരുന്നു,’ കമ്മിന്‍സ് പറഞ്ഞു.

ഹൈദരാബാദ് നിരയില്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 41 പന്തില്‍ 74 റണ്‍സാണ് എടുത്തത്. താരത്തിന് പുറമെ ഹെന്റിക് ക്ലാസന്‍ (18 പന്തില്‍ 23), നിതീഷ് കുമാര്‍ റെഡ്ഡി (10 പന്തില്‍ 21), പാറ്റ് കമ്മിന്‍സ് (10 പന്തില്‍ 19) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ബാക്കി ആരും കാര്യമായി ഒന്നും ചെയ്തില്ല.

ഗുജറാത്തിനായി പ്രസീദ് കൃഷ്ണ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മയും ജെറാള്‍ഡ് കോറ്റ്‌സിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പതിവുപോലെ ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ഗംഭീര തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

സായ് 23 പന്തില്‍ 48 റണ്‍സുമായി മടങ്ങിയപ്പോള്‍ ഗില്ലും ജോസ് ബട്ലറും തകര്‍ത്തടിക്കുകയായിരുന്നു. 37 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 64 റണ്‍സ് നേടി ബട്ലര്‍ പുറത്തായപ്പോള്‍ ഗില്‍ 38 പന്തില്‍ 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 76 റണ്‍സാണ് നേടിയത്.

ഏഴാം ഓവറില്‍ മികച്ച ബാറ്റിങ്ങുമായി ക്രീസില്‍ തുടര്‍ന്ന സായ് സുദര്‍ശനെ പുറത്താക്കി സീഷന്‍ അന്‍സാരിയാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ബട്ലറിനെ കൂട്ടി ഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ടൈറ്റന്‍സിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഇവര്‍ക്ക് പുറമെ വാഷിങ്ടണ്‍ സുന്ദര്‍ 16 പന്തില്‍ 21 റണ്‍സും ഷാരൂഖ് ഖാന്‍ രണ്ട് പന്തില്‍ ആറ് റണ്‍സും തെവാട്ടിയ മൂന്ന് പന്തില്‍ ആറ് റണ്‍സും എടുത്തു. റാഷിദ് ഖാന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

ഹൈദരാബാദിനായി ജയദേവ് ഉനകട്ട് നാല് ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. പാറ്റ് കമ്മിന്‍സും സീഷന്‍ അന്‍സാരിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: IPL 2025: SRH vs GT: Sunrisers Hyderabad captain Pat Cummins talks about the reason behind the defeat against Gujarat Titans