ഐ.പി.എല്‍ 2025ലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യ ഇന്നിങ്‌സിന് പിന്നാലെ മഴയെത്തുകയും സാഹചര്യം പ്രതികൂലമായതോടെ മത്സരം ഉപേക്ഷിക്കുകയുമായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
സീസണില്‍ മുമ്പോട്ടുള്ള കുതിപ്പിന് ഈ മത്സരത്തില്‍ വിജയിക്കേണ്ടത് സണ്‍റൈസേഴ്‌സിനെ സംബന്ധിച്ച് അനിവാര്യമായിരുന്നു. പരാജയപ്പെട്ടാല്‍ പുറത്താകുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഇതോടെ പരാജയപ്പെടാതെ തന്നെ പുറത്തായി.
നിലവില്‍ 11 മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ഏഴ് പോയിന്റാണ് സണ്‍റൈസേഴ്‌സിനുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുക്കയും ചെയ്ത് ആദ്യ നാലില്‍ കടന്നുകൂടാനുള്ള അവസരം ഓറഞ്ച് ആര്‍മിക്കുണ്ടായിരുന്നു. എന്നാല്‍ ഈ മത്സരം സമനിലയില്‍ അവസാനിച്ചതോടെ ടീമിന്റെ മുന്നോട്ടുള്ള യാത്രയും അവസാനിച്ചു.
ഇനിയുള്ള മൂന്ന് മത്സരത്തിലും വിജയിച്ചാലും സണ്‍റൈസേഴ്‌സിന് 13 പോയിന്റ് മാത്രമേ നേടാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ടോപ്പ് ഫോറിലുള്ള എല്ലാ ടീമുകള്‍ക്കും 14 പോയിന്റുള്ളതിനാല്‍ തന്നെ സണ്‍റൈസേഴ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ മൂര്‍ച്ചയേറിയ ബുള്ളറ്റുകള്‍ക്ക് മുമ്പില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഒന്നൊന്നായി അടിയറവ് പറഞ്ഞു.
ആദ്യ ഓവറിലെയും മൂന്നാം ഓവറിലെയും അഞ്ചാം ഓവറിലെയും ആദ്യ പന്തുകളില്‍ വിക്കറ്റ് നേടി കമ്മിന്‍സ് തിളങ്ങി. പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 12 റണ്‍സ് മാത്രം വഴങ്ങിയാണ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയത്. കരുണ്‍ നായര്‍ (ഗോള്‍ഡന്‍ ഡക്ക്), ഫാഫ് ഡു പ്ലെസി (എട്ട് പന്തില്‍ മൂന്ന്), അഭിഷേക് പോരല്‍ (പത്ത് പന്തില്‍ എട്ട്) എന്നിവരെയാണ് താരം മടക്കിയത്.
Wickets ✅
Catch ✅
Captaincy ✅
Pat Cummins is producing a perfect performance for #SRH in an important clash against #DC 🔥
പവര്‍പ്ലേയില്‍ തന്നെ അക്‌സര്‍ പട്ടേലും പുറത്തായി. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് ദല്‍ഹി നായകന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
എട്ടാം ഓവറിലെ ആദ്യ പന്തില്‍ പത്ത് റണ്‍സ് നേടി രാഹുലും പുറത്തായി.
ആറാം വിക്കറ്റില്‍ വിപ്രജ് നിഗവും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് ഇവരുടെ തന്നെ അശ്രദ്ധയില്‍ തകര്‍ന്നുവീണു. ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ റണ്‍ ഔട്ടായി വിപ്രജ് നിഗം പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. വിപ്രജ് നോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും റണ്‍സ് ഇനിഷ്യേറ്റ് ചെയ്ത സ്റ്റബ്‌സിന്റെ പിഴവില്‍ താരം പുറത്തായി.
ഏഴാം വിക്കറ്റില്‍ അശുതോഷ് ശര്‍മയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ക്യാപ്പിറ്റല്‍സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
SMACKED…and again! 🔥
Ashutosh Sharma adding the much-needed fire to #DC‘s innings 💪