അതിനുശേഷം എനിക്ക് ഉറങ്ങാനായില്ല; തുറന്ന് പറഞ്ഞ് ശ്രേയസ്
IPL
അതിനുശേഷം എനിക്ക് ഉറങ്ങാനായില്ല; തുറന്ന് പറഞ്ഞ് ശ്രേയസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd June 2025, 10:15 am

ഐ.പി.എല്‍ 2025ന് കലാശപ്പോരോടെ ഇന്ന് തിരശീല വീഴും. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും അവസാന അങ്കത്തില്‍ പോരടിക്കുമ്പോള്‍ കിരീടത്തിന് ഒരു പുതിയ അവകാശി പിറക്കുമെന്ന് ഉറപ്പ്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് ഫൈനലിന്റെ വേദി.

ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് കന്നി കിരീടം ഉയര്‍ത്തുകയാണ് പ്ലേ ബോള്‍ഡ് ആര്‍മിയുടെ ലക്ഷ്യം. പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ കീഴില്‍ സീസണിലുടനീളം നടത്തിയ പ്രകടനം ടീമിന്റെ നാലാം ഫൈനലിലും തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, പഞ്ചാബ് കിങ്സ് രണ്ടാം ക്വാളിഫയറില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ഫൈനലിലേക്ക് എന്‍ട്രി നടത്തിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് 11 വര്‍ഷത്തിന് ശേഷം പഞ്ചാബിന് ഒരു ഫൈനല്‍ പ്രവേശനം സമ്മാനിച്ചത്. രണ്ടാം ഫൈനലിന് ഇറങ്ങുമ്പോള്‍ കന്നി കിരീടം തന്നെയാണ് പഞ്ചാബിന്റെയും ഉന്നം.

ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ താന്‍ നടത്തിയ പ്രകടനത്തിനെ കുറിച്ച് ശ്രേയസ് സംസാരിച്ചിരുന്നു. ഐ.പി.എല്ലില്‍ അത് താന്‍ കളിച്ച മികച്ച ഇന്നിങ്സാണെന്നും മത്സരത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഞാന്‍ കളിച്ച ഏറ്റവും മികച്ച ഇന്നിങ്സാണിത്. മത്സരത്തിന് ശേഷം ഞാന്‍ റൂമില്‍ ചെന്നപ്പോള്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എനിക്ക് നാല് മണിക്കൂര്‍ മാത്രമേ ഉറങ്ങാനായുള്ളു,’ ശ്രേയസ് പറഞ്ഞു.

മത്സരത്തില്‍ മുംബൈക്കെതിരെ ശ്രേയസ് 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്താണ് പഞ്ചാബിനെ രണ്ടാം ഫൈനലില്‍ എത്തിച്ചത്. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 212.20 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഇന്ത്യന്‍ താരം മുംബൈയുടെ ആറാം കിരീട മോഹം തല്ലിത്തകര്‍ത്തത്.

Content Highlight: IPL 2025: Shreyas Iyer talks about his performance against Mumbai Indians in qualifier two