ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത രണ്ട് ശക്തമായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ചാമ്പ്യന്‍സിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്‌ലോകം. കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും ഇന്ന് അഹമ്മദാബാദില്‍ ഇറങ്ങും.
ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്‌സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.
ഇപ്പോള്‍ പഞ്ചാബ് പരിശീലകന്‍ റിക്കി പോണ്ടിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.പരിശീലകന്‍ എന്ന നിലയില്‍ റിക്കി അത്ഭുതകരമായ ഒരു വ്യക്തിയാണെന്നും എല്ലാ താരങ്ങളെയും ഒരുപോലെയാണ് പോണ്ടിങ് ട്രീറ്റ് ചെയ്യുന്നതെന്നും അയ്യര്‍ പറഞ്ഞു.
‘ഒരു പരിശീലകനെന്ന നിലയില്‍ റിക്കി പോണ്ടിങ് അത്ഭുതമാണ്, കളിക്കാരെ കൃത്യമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു, എല്ലാവരേയും തുല്യമായി പരിഗണിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത. അദ്ദേഹം ജൂനിയറായാലും സീനിയറായാലും അത് വലിയ പങ്കുവഹിക്കുന്നു.
ഫലം എന്തുതന്നെയായാലും അദ്ദേഹം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. അത് ഒരു വിജയകരമായ പരിശീലകന്റെ ലക്ഷണമാണ്. മത്സരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പ്രചോദനാത്മകമാണ്. മത്സരത്തിന് ശേഷം, അദ്ദേഹത്തെ കേള്‍ക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് അതിശയകരമാണ്,’ അയ്യര്‍ പറഞ്ഞു.
മത്സരത്തില്‍ മുംബൈക്കെതിരെ ശ്രേയസ് 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്താണ് പഞ്ചാബിനെ രണ്ടാം ഫൈനലില്‍ എത്തിച്ചത്. എട്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 212.20 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഇന്ത്യന്‍ താരം മുംബൈയുടെ ആറാം കിരീട മോഹം തല്ലിത്തകര്‍ത്തത്.