ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സ് വിജയം നേടിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നേഹല്‍ വധേര, ശശാങ്ക് സിങ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ഹര്‍പ്രീത് ബ്രാറിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചടക്കിയത്.
ഇതോടെ 12 മത്സരത്തില്‍ നിന്ന് എട്ട് വിജയവുമായി 17 പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ് പഞ്ചാബ്. മാത്രമല്ല 2025 ഐ.പി.എല്ലില്‍ പഞ്ചാബിനെ പ്ലേ ഓഫില്‍ എത്തിച്ചിരിക്കുകയാണ് ശ്രേയസ് അയ്യര്‍. പഞ്ചാബിനെ പ്ലേ ഓഫില്‍ എത്തിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് അയ്യര്‍.
ഇതിനെല്ലാം പുറമെ ഒരു വമ്പന്‍ റെക്കോഡ് നേടാന്‍ അയ്യര്‍ക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ മൂന്ന് വ്യത്യസ്ത ടീമിനെ ഐ.പി.എല്‍ പ്ലേ ഓഫിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡിന് ഉടമയാകാനാണ് ശ്രേയസിന് സാധിച്ചത്.