ഐ.പി.എല്‍ 2025ല്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായി ചുമതലയേറ്റാണ് ശ്രേയസ് അയ്യര്‍ കരിയറിലെ മറ്റൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടമണിയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ശ്രേയസ് പഞ്ചാബിന്റെ തട്ടകത്തിലെത്തിയിരിക്കുന്നത്.
2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളിലൊന്നാണ് പഞ്ചാബ്. പുതിയ ക്യാപ്റ്റന് കീഴില്‍ പഞ്ചാബ് പുതുചരിത്രം കുറിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനൊപ്പം ശ്രേയസ് അയ്യര്‍ വീണ്ടും ഒന്നിക്കുന്നു എന്നതും ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നുണ്ട്. നേരത്തെ ശ്രേയസ് അയ്യര്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായിരിക്കവെ പോണ്ടിങ്ങായിരുന്നു ടീമിന്റെ പരിശീലകന്‍.
ഇപ്പോള്‍ പോണ്ടിങ്ങിനെ കുറിച്ചും അദ്ദേഹം നല്‍കിയ ആത്മവിശ്വാസത്തെയും കുറിച്ച് സംസാരിക്കുകയാണ് പഞ്ചാബ് നായകന്‍. താനൊരു മികച്ച പ്ലെയറാണെന്ന് സ്വയം തോന്നാന്‍ കാരണമായത് പോണ്ടിങ് ആണെന്നും അദ്ദേഹം താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും ശ്രേയസ് പറഞ്ഞു.
‘അദ്ദേഹം എല്ലാവരെയും പിന്തുണയ്ക്കും. നേരത്തെ ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക് ചെയ്തപ്പോള്‍, ഞാന്‍ ഒരു മികച്ച താരമാണെന്നും ഈ ഫോര്‍മാറ്റില്‍ തിളങ്ങാന്‍ എന്നെക്കൊണ്ട് സാധിക്കുമെന്നും അദ്ദേഹം എന്നെ തോന്നിപ്പിച്ചു. അദ്ദേഹം തന്റെ താരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മറ്റൊരു തലത്തിലുള്ളതാണ്,’ മീഡിയ ഇന്ററാക്ഷനിടെ ശ്രേയസ് അയ്യര്‍ പറഞ്ഞു.
ശ്രേയസ് അയ്യരിനൊപ്പം വീണ്ടും കൈകോര്‍ക്കുന്നതിനെ കുറിച്ച് റിക്കി പോണ്ടിങ്ങും സംസാരിച്ചിരുന്നു.
‘ശ്രേയസ് നല്ലൊരു മനുഷ്യനാണ്. അവന്‍ ഐ.പി.എല്‍ വിന്നിങ് ക്യാപ്റ്റനാണ്. ഇതില്‍ക്കൂടുതലൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. അവന്‍ ക്യാമ്പില്‍ ജോയിന്‍ ചെയ്ത് കുറച്ചുദിവസങ്ങളാകുന്നതേയുള്ളൂ. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇതിനോടകം തന്നെ അവന് സാധിച്ചിട്ടുണ്ട്, ആദ്യ മത്സരത്തിന് മുമ്പ് തന്നെ കൂടുതല്‍ മാറ്റങ്ങളുണ്ടാക്കാനും സാധിക്കും. ഞാന്‍ ഏറെ സന്തോഷവാനാണ്,’ പോണ്ടിങ് പറഞ്ഞു.
മാര്‍ച്ച് 25നാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.