ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഡെത്ത് ഓവര്‍ ത്രില്ലറില്‍ ശിവം ദുബെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയും തമ്മിലുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് ചെന്നൈ വിജയിച്ചു കയറിയത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ലഖ്‌നൗവിന് വേണ്ടി മോശം സ്‌പെല്ലാണ് ഷര്‍ദുല്‍ താര്ക്കൂര്‍ എറിഞ്ഞത്. മാത്രമല്ല ഡെത്ത് ഓവറില്‍ ഷര്‍ദുല്‍ താക്കൂറിനെ കൊണ്ടുവന്നപ്പോഴായിരുന്നു എല്‍.എസ്.ജി.ക്ക് സ്ലോ ഓവര്‍ റേറ്റ് നേരിടേണ്ടിവന്നത്. സീസണില്‍ ഇത് രണ്ടാം തവണയാണ് എല്‍.എസ്.ജി സ്ലോ ഓവര്‍ റേറ്റില്‍ കുരുങ്ങുന്നത്.
ചെന്നൈക്കെതിരെ നിര്‍ണായകമായ ഘട്ടത്തില്‍ സ്ലോ ഓവര്‍ റേറ്റ് പെനാല്‍റ്റിയായി യാഡ് സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രം നില്‍പ്പിക്കാനും എല്‍.എസ്.ജി നിര്‍ബന്ധിതരായി. നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 56 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 14.00 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
ഇതോടെ ഒരു മോശം റെക്കോഡും താക്കൂര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ലഖ്‌നൗവിന് വേണ്ടി ഏറ്റവും മോശം ബൗളിങ് പ്രകടനം നടത്തുന്ന രണ്ടാമത്തെ താരമാകാനാണ് താക്കൂറിന് സാധിച്ചത്. ഈ മോശം നേട്ടത്തില്‍ ആവേശ് ഖാനാണ് മുന്നിലുള്ളത്. 2022ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 60 റണ്‍സാണ് താരം വഴങ്ങിയത്.
ലഖ്‌നൗവിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 49 പന്തില്‍ നിന്ന് നാല് സിക്സും ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. സീസണില്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി രേഖപ്പെടുത്താനും പന്തിന് സാധിച്ചു. 25 പന്തില്‍ രണ്ട് സിക്സും ഫോറും വീതം നേടി മിച്ചല്‍ മാര്‍ഷും സ്‌കോര്‍ ഉയര്‍ത്തി. മറ്റുള്ളവര്‍ക്ക് ബാറ്റില്‍ നിന്ന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.
Content Highlight: IPL 2025: Shardul Thakur In Unwanted Record Achievement For LSG