കിരീടം നേടുക ആ ടീം, അവന്‍ പ്ലെയര്‍ ഓഫ് ദി മാച്ചും; വമ്പന്‍ പ്രവചനവുമായി ഷെയ്ന്‍ വാട്‌സണ്‍
IPL
കിരീടം നേടുക ആ ടീം, അവന്‍ പ്ലെയര്‍ ഓഫ് ദി മാച്ചും; വമ്പന്‍ പ്രവചനവുമായി ഷെയ്ന്‍ വാട്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th May 2025, 4:15 pm

ഐ.പി.എല്ലിന്റെ പതിനെട്ടാം സീസണ്‍ അവസാനത്തോട് അടുക്കുകയാണ്. ഇനി ടൂര്‍ണമെന്റില്‍ ഫൈനല്‍ അടക്കം മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിനോടകം തന്നെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

സീസണവസാനം ആരായിരിക്കും ഐ.പി.എല്‍ ട്രോഫിയില്‍ മുത്തമിടുകയെന്നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇപ്പോള്‍ ഈ സീസണില്‍ ആര് ജേതാക്കളാവുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് കപ്പുയര്‍ത്തുമെന്നും വിരാട് കോഹ്ലി പ്ലെയര്‍ ഓഫ് ദി മാച്ച് ആവുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ ബൗളര്‍ ജോഷ് ഹേസല്‍വുഡിന്റെ തിരിച്ചുവരവ് അതിനൊരു ഘടകമാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വാട്‌സണ്‍ പ്രവചനം നടത്തിയത്.

‘ഐ.പി.എല്‍ 2025 റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടും. എന്റെ അഭിപ്രായത്തില്‍ ഇതിഹാസ താരം വിരാട് കോഹ്ലി പ്ലെയര്‍ ഓഫ് ദി മാച്ചാവും. ഇത് ബെംഗളൂരുവിന്റെ വര്‍ഷമാണെന്ന് ഞാന്‍ ശരിക്കും കരുതുന്നു.

ചില തടസങ്ങള്‍ ഉണ്ടായെങ്കിലും ജോഷ് ഹേസല്‍വുഡിന്റെ തിരിച്ച് വരവോടെ ഈ വര്‍ഷം ആര്‍.സി.ബി കപ്പുയര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ വാട്‌സണ്‍ പറഞ്ഞു.

പതിനെട്ടാം സീസണില്‍ ഒരു കാലത്തും ഇല്ലാത്ത വിധത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്രകടനം നടത്തുന്നത്. ടൂര്‍ണമെന്റില്‍ കളിച്ച 14 മത്സരങ്ങളില്‍ ഒമ്പതിലും ജയിച്ചാണ് രജതും സംഘവും പ്ലേ ഓഫിലേക്കും ഇപ്പോള്‍ ഫൈനലിലേക്കും മാര്‍ച്ച് ചെയ്തത്. അവസാന ലീഗ് മത്സരത്തിലെ ജയത്തോടെ ഒരു സീസണിലെ എല്ലാ എവേ മത്സരങ്ങളിലും ജയിക്കുന്ന ആദ്യ ടീമാകുകയും ചെയ്തിരുന്നു.

താരപൊലിമയോ വലിയ അനുഭവ സമ്പത്തോ ഇല്ലാത്ത രജത് പാടിദാറിന്റെ കീഴിയിലെത്തിയാണ് ബെംഗളൂരു മികച്ച ഫോമില്‍ കളിക്കുന്നത്. ചരിത്രം തിരുത്തിക്കുറിച്ച് പ്ലേ ബോള്‍ഡ് ആര്‍മി കന്നി കിരീടം നേടുന്നത് സ്വപ്നം കാണുകയാണ് ഓരോ ആരാധകരും.

Content Highlight: IPL 2025: Shane Watson says Royal Challengers Bengaluru will win IPL trophy and Virat Kohli will bag man of the match award