രണ്ട് ഓവറില്‍ 40 റണ്‍സ് ആവശ്യമുള്ളപ്പോഴും അദ്ദേഹത്തിന് അത് സാധിക്കും: സഞ്ജു സാംസണ്‍
2025 IPL
രണ്ട് ഓവറില്‍ 40 റണ്‍സ് ആവശ്യമുള്ളപ്പോഴും അദ്ദേഹത്തിന് അത് സാധിക്കും: സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st May 2025, 11:43 am

2025 ഐ.പി.എല്‍ സീസണിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം (ചൊവ്വ) അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഇതോടെ സീസണില്‍ ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും സംഘവും കളം വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് നടത്തിയത്. വണ്‍ ഡൗണായി ഇറങ്ങി 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്.

മത്സര ശേഷം ചെന്നൈ നായകന്‍ എം.എസ്. ധോണിയെക്കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ധോണി ക്രീസിലെത്തിയപ്പോള്‍ കീപ്പറായിരുന്ന തന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു സഞ്ജു.

ധോണി ക്രീസിലെത്തിയപ്പോള്‍ തനിക്ക് കാണികളുടെ ശബ്ദം കൊണ്ട് ഒന്നും കേല്‍ക്കാന്‍ സാധിച്ചില്ലെന്നും ചെവി പൊത്താന്‍ തോന്നിയെന്നും പറഞ്ഞു. മാത്രമല്ല രണ്ട് ഓവറില്‍ 40 റണ്‍സ് ആവശ്യമുള്ളപ്പോള്‍ പോലും ധോണിക്ക് അത് നോടാന്‍ സാധിക്കുമെന്ന് രാജസ്ഥാന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ തവണ, ഞാന്‍ കീപ്പര്‍ ആയിരുന്നപ്പോള്‍ അദ്ദേഹം ചെന്നൈക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ വന്നു, എനിക്ക് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. എന്റെ ചെവി പൊത്തണമെന്ന് എനിക്ക് തോന്നി. രണ്ട് ഓവറില്‍ 40 റണ്‍സ് ആവശ്യമുള്ളപ്പോള്‍ പോലും, അദ്ദേഹത്തിന് ഇപ്പോഴും അത് സാധ്യമാണ്.

ചെന്നൈയില്‍ അവരെ നേരിടുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊന്നും കാണാനോ കേള്‍ക്കാനോ കഴിയില്ല. അവര്‍ ജയ്പൂരിലേക്ക് വരുമ്പോള്‍ പോലും അത് അവിശ്വസനീയമാണ്. സത്യം പറഞ്ഞാല്‍, ജയ്പൂരില്‍ അങ്ങനെയാകരുത്,’ സഞ്ജു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.

മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ധോണി ഒരു സിക്‌സര്‍ ഉള്‍പ്പെടെ 17 പന്തില്‍ 16 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ ഒരു തകര്‍പ്പന്‍ നേട്ടവും ധോണിക്ക് നേടാന്‍ സാധിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് തല സ്വന്തമാക്കിയത്. ഇതേ മത്സരത്തില്‍ ധോണിക്ക് പിന്നാലെ ഈ റെക്കോഡിലെത്താന്‍ സഞ്ജുവിനും സാധിച്ചിരുന്നു. ധോണിയേക്കാള്‍ വേഗത്തിലായിരുന്നു സഞ്ജു ഈ നേട്ടത്തിലെത്തിയത്.

Content Highlight: IPL 2025: Sanju Samson shares his memory of Dhoni