| Saturday, 22nd March 2025, 6:29 pm

ഇംപാക്ട് പ്ലെയറായെത്തുന്ന സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ നേട്ടം; ടീമിന്റെ ചരിത്രത്തിലെ ആദ്യ താരമാകാന്‍ വേണ്ടത്...

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരങ്ങളില്‍ പ്യുവര്‍ ബാറ്ററായാകും സഞ്ജു കളത്തിലിറങ്ങുക.

സഞ്ജുവിന് പകരം യുവതാരം റിയാന്‍ പരാഗിന്റെ നേതൃത്വത്തിലാകും രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുക. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് പരാഗ് രാജസ്ഥാനെ നയിക്കുക.

വിക്കറ്റ് കീപ്പിങ്ങിലോ ഫീല്‍ഡിങ്ങിലോ കളത്തിലിറങ്ങാന്‍ സാധിക്കാത്ത സഞ്ജു ഇംപാക്ട് പ്ലെയറായാകും ഈ മത്സരങ്ങളില്‍ ക്രീസിലെത്തുക.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ അവരുടെ തട്ടകത്തിലിറങ്ങുമ്പോള്‍ ഒരു ചരിത്ര നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ഓറഞ്ച് ആര്‍മിക്കെതിരെ 66 റണ്‍സ് നേടിയാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ രാജസ്ഥാന്‍ റോയല്‍സ് താരമെന്ന നേട്ടത്തിലേക്കാണ് സഞ്ജു ചെന്നെത്തുക.

141 ഇന്നിങ്‌സില്‍ നിന്നും 31.72 ശരാശരിയിലും 140.55 സ്‌ട്രൈക്ക് റേറ്റിലും 3,934 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 141 – 3,934

അജിന്‍ക്യ രഹാനെ – 99 – 3,098

ജോസ് ബട്‌ലര്‍ – 82 – 3,055

ഷെയ്ന്‍ വാട്‌സണ്‍ – 81 – 2,474

യശസ്വി ജെയ്‌സ്വാള്‍ – 52 – 1,607

രാഹുല്‍ ദ്രാവിഡ് – 51 – 1,324

റിയാന്‍ പരാഗ് – 58 – 1,173

ഐ.പി.എല്ലിലെ സണ്‍റൈസേഴ്‌സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും സഞ്ജു തന്നെയാണ് ഒന്നാമതുള്ളത്. ഓറഞ്ച് ആര്‍മിക്കെതിരെ കളത്തിലിറങ്ങിയ 23 ഇന്നിങ്‌സില്‍ നിന്നും 44.50 ശാരശിയില്‍ 801 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം

(താരം – ഇന്നിങ്സ് – റണ്‍സ് – ബാറ്റിങ് ശരാശരി – 100s | 50s എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 23 – 801 – 44.50 – 1|4

വിരാട് കോഹ്‌ലി – 23 – 762 – 36.28 – 1|5

ഫാഫ് ഡു പ്ലെസി – 18 – 571 – 35.68 – 0|5

ഷെയ്ന്‍ വാട്സണ്‍ – 18 – 566 – 35.37 – 1|3

അംബാട്ടി റായിഡു – 18 – 549 – 42.23 – 1|3

അതേസമയം, ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ക്യാപ്റ്റനായി മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെ ഹോം സ്റ്റേഡിയമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

നിതീഷ് റാണ, ശുഭം ദുബെ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ്, വാനിന്ദു ഹസരങ്ക, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കുണാല്‍ സിങ് റാത്തോഡ് (വിക്കറ്റ് കീപ്പര്‍), മഹീഷ് തീക്ഷണ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ഫസല്‍ഹഖ് ഫാറൂഖി, ക്വേന മഫാക്ക, അശോക് ശര്‍മ, സന്ദീപ് ശര്‍മ, ജോഫ്രാ ആര്‍ച്ചര്‍, യുദ്ധ്‌വീര്‍ സിങ്.

Content Highlight: IPL 2025: Sanju Samson need 66 runs to complete 4,000 IPL runs for Rajasthan Royals

We use cookies to give you the best possible experience. Learn more