ഇനി സഞ്ജു കളത്തിലിറങ്ങുന്നത് 'തലയെ' അടിച്ച് പറത്താന്‍; മുന്നിലുള്ളത് അത്ര നിസാര റെക്കോഡല്ല!
2025 IPL
ഇനി സഞ്ജു കളത്തിലിറങ്ങുന്നത് 'തലയെ' അടിച്ച് പറത്താന്‍; മുന്നിലുള്ളത് അത്ര നിസാര റെക്കോഡല്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th May 2025, 10:27 pm

ഇന്ത്യപാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ നാളെ (ശനി) പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. ബെംഗളൂരുവും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തോടെയാണ് 2025ല്‍ ഐ.പി.എല്‍ പുനരാരംബിക്കുന്നത്.

മെയ് 18 ഞായറാഴ്ച ഐ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയമാണ് വേദി.

പരിക്കേറ്റ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ മത്സരത്തില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഇന്ത്യ – പാക് സംഘര്‍ഷങ്ങളുണ്ടാകുന്നതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു തിരിച്ചെത്തുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോള്‍ പഞ്ചാബിനെതിരെയാണ് താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്.

ഈ മത്സരത്തില്‍ കളത്തിലിറങ്ങിയാല്‍ ഒരു ഐതിഹാസിക നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനാണ് സഞ്ജുവിന് സാധിക്കുക. ഇതിന് വേണ്ടതാകട്ടെ വെറും മൂന്ന് സിക്‌സറുകളും. മാത്രമല്ല ഈ നേട്ടത്തില്‍ ചെന്നൈ നായകന്‍ ‘തല’ ധോണിയെ മറികടക്കാനുള്ള സുവര്‍ണാവസരവും സഞ്ജുവിനുണ്ട്.

ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍
(താരം ഇന്നിങ്‌സ് സിക്‌സര്‍ എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 354 – 349

സഞ്ജു സാംസണ്‍ – 289 – 347

കെ.എല്‍. രാഹുല്‍ – 223 – 327

അതേസമയം കളിച്ച 12 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട് ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അനായാസം വിജയിക്കാന്‍ സാധിക്കുന്ന നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടതും ടീം സെലക്ഷനിലെ പോരായ്മകളും രാജസ്ഥാന് തിരിച്ചടിയായി. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി തലകുനിക്കാതെ മടങ്ങാനാകും രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.

Content Highlight: IPL 2025: Sanju Samson Need 3 Sixes For Surpass M.S Dhoni In Great Record