ഐ.പി.എല്ലില്‍ ഇന്ന് (ബുധന്‍) നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയം രുചിച്ച രാജസ്ഥാന്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി തിരിച്ചുവന്നിരുന്നു.
അതേസമയം ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ നിലവില്‍ ഏഴാമതുള്ള രാജസ്ഥാന്‍ വിജയം സ്വന്തമാക്കി മുന്നേറാനാണ് ലക്ഷ്യംവെക്കുന്നത്.
സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പടെ 137 റണ്‍സാണ് നിലവില്‍ സഞ്ജു നേടിയത്. എന്നാല്‍ ഗുജറാത്തിനെതിരെ കളത്തിലിറങ്ങുമ്പോള്‍ സഞ്ജു ഉറപ്പായും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും വിശ്വസിക്കുന്നത്. അതിന് ഒരു കാരണവുമുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സഞ്ജു. ഈ ഡോമിനേഷന്‍ സഞ്ജു ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.