ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഡു ഓര്‍ ഡൈ മാച്ചില്‍ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയമാണ് വേദി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 19.2 ഓവറില്‍ 190 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. ചെന്നൈക്ക് വേണ്ടി വെടിക്കെട്ട് മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവച്ചത് ഓസ്‌ട്രേലിയന്‍ കരുത്തന്‍ സാം കറനാണ്.
മൂന്നാമനായി ക്രീസില്‍ എത്തി 47 പന്തില്‍ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 88 റണ്‍സ് നേടിയാണ് താരം പുറത്തായത്. 187.23 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു സാം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. 2025 ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമാകാനാണ് സാമിന് സാധിച്ചത്.
താരത്തിന് പുറമേ മിന്നും പ്രകടനം കാഴ്ചവച്ചത് ഡെവാള്‍ഡ് ബ്രവിസാണ്. 26 പന്തില്‍ നിന്ന് 32 റണ്‍സ് നേടി മധ്യനിരയില്‍ സാമിന് കൂട്ടുനില്‍ക്കാന്‍ താരത്തിന് സാധിച്ചു. ആവേശം നിറഞ്ഞ മത്സരത്തിലെ അവസാനഘട്ടത്തില്‍ പഞ്ചാബിന് വേണ്ടി ഓവറിന് എത്തിയ യുസ്വേന്ദ്ര ചഹലാണ് അമ്പരപ്പിച്ചത്. നിര്‍ണായകഘട്ടത്തില്‍ താരം എറിഞ്ഞ ഓവറില്‍ ഒരു ഹാട്രിക് അടക്കം നാല് വിക്കറ്റുകള്‍ ആണ് ചെന്നൈക്ക് നഷ്ടമായത്.
ആദ്യ പന്ത് നേരിടാന്‍ എത്തിയ ക്യാപ്റ്റന്‍ ധോണി സിക്‌സര്‍ പറത്തി ചഹലിനെ വരവേറ്റെങ്കിലും രണ്ടാം പന്തില്‍ മാര്‍ക്കോയാന്‍സന്റെ കൈകളില്‍ എത്തിച്ച് ധോണിയെ പുറത്താക്കാന്‍ ചഹലിന് സാധിച്ചു. 4 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും വീതം നേടി 11 റണ്‍സുമായിട്ടാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ശേഷം ദീപക് ഹൂഡ ഒരു ഡബിള്‍ എടുത്തെങ്കിലും നാലാം പന്തില്‍ പ്രിയന്‍ഷ് ആര്യയുടെ കയ്യിലെത്തിച്ച് ദീപക്കിനെ പറഞ്ഞയക്കാന്‍ ചഹലിന് കഴിഞ്ഞു. പിന്നീട് അന്‍ഷുല്‍ കാംബോജിനെയും നൂര്‍ അഹമ്മദിനെയും 0 റണ്‍സിന് പുറത്താക്കി ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു ചഹല്‍.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ചാനലിന് സാധിച്ചു. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ നാല് വിക്കറ്റുകള്‍ നേടുന്ന താരമാകാനാണ് ചഹലിന് സാധിച്ചത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ നാല് വിക്കറ്റുകള്‍ നേടുന്ന താരം
യുസ്വേന്ദ്ര ചഹല്‍ – 9
സുനില്‍ നരെയ്ന്‍ – 8
ലസിത് മലിംഗ – 7
കാഗീസോ റബാദ – 6
ചഹലിനു പുറമേ അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അസ്മത്തുള്ള ഒമാര്‍സായി, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
ചെന്നൈക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ ഷായിക് റഷീദ് (11), ആയുഷ് മാത്രെ (7) എന്നീ അണ്‍ ക്യാപ്ഡ് താരങ്ങളെ നഷ്ടപ്പെട്ടാണ് തുടക്കത്തില്‍ ടീം സമ്മര്‍ദത്തിലായത്. ശേഷം ഇറങ്ങിയ രവീന്ദ്ര ജഡേജ 17 റണ്‍സിനും പുറത്തായി.