ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു.
മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹര്‍ദിക്കും സംഘവും ടൈറ്റന്‍സിനെ തകര്‍ത്തുവിട്ടത്. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തുടക്കത്തിലേ മടങ്ങിയതും ജോസ് ബട്‌ലറിന് പകരക്കാരനായെത്തിയ കുശാല്‍ മെന്‍ഡിസിന് തിളങ്ങാന്‍ സാധിക്കാതെ പോയതും ടൈറ്റന്‍സിന്റെ പരാജയ കാരണമായി അടയാളപ്പെടുത്തപ്പെട്ടു. ഗില്‍ രണ്ട് പന്തില്‍ ഒരു റണ്‍സിന് പുറത്തായപ്പോള്‍ പത്ത് പന്തില്‍ 20 റണ്‍സടിച്ചാണ് മെന്‍ഡിസ് മടങ്ങിയത്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഈ ഐ.പി.എല്‍ സീസണിലെ എറ്റവും മികച്ച ഓപ്പണിങ് പെയറായ സായ് – ഗില്‍ സഖ്യത്തിന്റെ പേരില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് കുറിക്കപ്പെട്ടിരിക്കുകയാണ്.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സടിച്ച ഇന്ത്യന്‍ പെയര്‍ എന്ന റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിടയത്. 912 റണ്‍സാണ് ഇരുവരും ഒന്നിച്ച് ക്രീസിലുള്ളപ്പോള്‍ പിറവിയെടുത്തത്. (2025 മെയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം)