വിജയപ്രതീക്ഷയില്‍ ബെംഗളൂരുവിന് എട്ടിന്റെ പണി; മഴമൂലം മത്സരം ഉപേക്ഷിക്കുമോ?
2025 IPL
വിജയപ്രതീക്ഷയില്‍ ബെംഗളൂരുവിന് എട്ടിന്റെ പണി; മഴമൂലം മത്സരം ഉപേക്ഷിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th May 2025, 7:30 pm

ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് പുനരാരംഭിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ബെംഗളൂരില്‍ കനത്ത മഴ തുടരുകയാണ്. മഴ വില്ലനായി എത്തിയതോടെ ടോസ് വൈകുകയാണ്. എന്നിരുന്നാലും മഴ പെട്ടന്ന് പിന്‍വാങ്ങുമെന്ന് തന്നെയാണ് ക്രക്കറ്റ് പ്രേമികള്‍ വിശ്വസിക്കുന്നത്. കന്നി കിരീടം ചൂടാന്‍ സ്വപ്‌നം കാണുന്ന ബെംഗളൂരുവിന് മഴ വലിയ ഭീഷണി തന്നെയാണ് നല്‍കുന്നത്. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ബെംഗളൂരുവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയുണ്ടായേക്കും.

അപ്രതീക്ഷിതമായ ടെസ്റ്റ് വിരമിക്കലിന് ശേഷം കളത്തിലിറങ്ങുന്ന വിരാട് കോഹ്‌ലി തന്നെയാണ് മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഐ.പി.എല്‍ തുടങ്ങിയ കാലം മുതല്‍ ബെംഗളൂരുവിന്റെ കൂടെയുണ്ടെങ്കിലും വിരാടിന് ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല.

വമ്പന്‍ താരങ്ങളുണ്ടായിരുന്നിട്ടും പല സീസണിലും ടീമിന് കിരീടത്തിനടുത്ത് എത്താനായില്ല. നിലവില്‍ എല്ലാ മേഖലയിലും മിന്നും പ്രകടം കാഴ്ചവെക്കുന്ന ബെംഗളൂരു 2025ല്‍ കിരീടം ചൂടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനം തന്നെയാണ് വിരാട് പുറത്തെടുക്കുന്നത്. താരം 11 മത്സരങ്ങളില്‍ ഏഴ് അര്‍ധ സെഞ്ച്വറികള്‍ അടക്കം 505 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 44 ഫോറും 18 സിക്‌സും ഉള്‍പെടും. 63.12 ശരാശരിയും 143.46 സ്‌ട്രൈക്ക് റേറ്റുമാണ് വിരാടിനുള്ളത്.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമായി ടീമിന് 16 പോയിന്റുണ്ട്. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ബെംഗളൂരുവിന് പ്ലേ ഓഫില്‍ കടക്കാനാവും.

അതേസമയം കൊല്‍ക്കത്തയ്ക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുന്നതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേ ഓഫിലേക്ക് എത്താനുള്ള സാധ്യതകള്‍ തുറക്കൂ.

Content Highlight: IPL 2025: RSB VS KKR Match Toss Delayed Due To Rain