ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 286 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലുമായി സണ്‍റൈസ്സേ് ഹൈദരാബാദ്. തങ്ങളുടെ ഹോം സ്‌റ്റേഡിയമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ഓറഞ്ച് ആര്‍മി രാജസ്ഥാനെതിരെ റണ്‍മല തീര്‍ത്തത്.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് സണ്‍റൈസേഴ്സ് സീസണിലെ ആദ്യ മത്സരം ആരംഭിച്ചത്. ഹൈദരാബാദിനെ ബാറ്റിങ് പറുദീസയാക്കി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് നടത്തി.
ആദ്യ വിക്കറ്റില്‍ 45 റണ്‍സാണ് ട്രവിഷേക് സഖ്യം അടിച്ചെടുത്തത്. നാലാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേകിനെ പുറത്താക്കി മഹീഷ് തീക്ഷണയാണ് രാജസ്ഥാന് ബ്രേക് ത്രൂ നല്‍കിയത്. 11 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 24 റണ്‍സാണ് താരം നേടിയത്.
വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടിയും ഹെഡ് തന്റെ നാച്ചുറല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്തു. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ നാല് ഫോറടക്കം 23 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. ആറാം ഓവറില്‍ 16 റണ്‍സും പിറന്നതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന നിലയിലാണ് സണ്‍റൈസേഴ്സ് പവര്‍പ്ലേ അവസാനിപ്പിച്ചത്.
നാല് ഓവറില്‍ 76 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്. 19.00 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
ഇതോടെ ഒരു മോശം റെക്കോഡും ആര്‍ച്ചറിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന ആനാവശ്യ നേട്ടമാണ് താരം സ്വന്തമാക്കിയത്.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും എക്‌സപെന്‍സീവായ സ്‌പെല്ലുകള്‍
(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)