ഐ.പി.എല്‍ 2025ലെ 59ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. സീസണില്‍ രാജസ്ഥാന്റെ അവസാന ഹോം മത്സരമാണിത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു.
പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് പഞ്ചാബ് കിങ്‌സ് രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. അതേസമയം ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായ രാജസ്ഥാനാകട്ടെ ഇനിയുള്ള രണ്ട് മത്സരത്തിലും വിജയിച്ചുകൊണ്ട് പടിയിറങ്ങാനുള്ള ശ്രമത്തിലാണ്.
പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തിയ സഞ്ജു സാംസണാണ് മത്സരത്തില്‍ രാജസ്ഥാനെ നയിക്കുന്നത്. നേരത്തെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ പരിക്കേറ്റ സഞ്ജു ശേഷിച്ച മത്സരങ്ങളിലെല്ലാം പുറത്തായിരുന്നു.
സഞ്ജു സാംസണ്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ കൗമാര താരം വൈഭവ് സൂര്യവംശിയുടെ കാര്യത്തിലായിരുന്നു ആരാധകര്‍ക്ക് ആശങ്ക. സഞ്ജുവിന്റെ അഭാവത്തില്‍ ടീമിന്റെ ഓപ്പണറായെത്തിയ താരം സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.
ബട്‌ലര്‍ ടീം വിട്ടതോടെ സഞ്ജുവാണ് ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. ഇപ്പോള്‍ സഞ്ജു ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ വൈഭവിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന് പോലും ആരാധകരില്‍ ആശങ്കയുണ്ടായിടരുന്നു.
എന്നാല്‍ 14കാരന് വേണ്ടി തന്റെ ഓപ്പണിങ് പൊസിഷന്‍ സഞ്ജു വിട്ടുകൊടുത്തിരിക്കുകയാണ്. മുന്‍ സീസണിലേതെന്ന പോലെ വണ്‍ ഡൗണായാണ് ക്യാപ്റ്റന്‍ ബാറ്റിങ്ങിനിറങ്ങുക.
‘അവന്റെ (വൈഭവ് സൂര്യവംശി) ബാറ്റിങ് പൊസിഷനെ ബഹുമാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ വളരെ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി പുറത്തെടുത്തത്. ഞാന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങും,’ സഞ്ജു പറഞ്ഞു.
ഏപ്രില്‍ 16നാണ് സഞ്ജു അവസാനമായി ഐ.പി.എല്‍ മത്സരം കളിച്ചത്. സൂപ്പര്‍ ഓവറില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ പരിക്കേറ്റ താരം ബാറ്റിങ് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.
വിപ്രജ് നിഗമെറിഞ്ഞ പന്തില്‍ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഈ ഷോട്ടിന് ശ്രമിക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു.
നോബോളായിരുന്ന ഈ പന്തില്‍ ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും സഞ്ജുവിന്റെ ഷോട്ട് ഫീല്‍ഡറുടെ കൈയിലൊതുങ്ങി. സിംഗിളോടാന്‍ പോലും സാധിക്കാതെ സഞ്ജു പ്രയാസപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ബാറ്റിങ് തുടരാന്‍ സാധിക്കാതെ സഞ്ജു തിരികെ നടന്നത്. 19 പന്തില്‍ 31 റണ്‍സാണ് സഞ്ജു നേടിയത്. ശേഷം നടന്ന അഞ്ച് മത്സരത്തിലും താരം കളത്തിന് പുറത്തായിരുന്നു.
അതേസമയം, രാജസ്ഥാനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. നാല് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 എന്ന നിലയിലാണ് പഞ്ചാബ്. പ്രിയാന്‍ഷ് ആര്യ (ഏഴ് പന്തില്‍ ഒമ്പത്), അരങ്ങേറ്റക്കാരന്‍ മിച്ചല്‍ ഓവന്‍ (സില്‍വര്‍ ഡക്ക്), പ്രഭ്‌സിമ്രാന്‍ സിങ് (പത്ത് പന്തില്‍ 21) എന്നിവരാണ് മടങ്ങിയത്. ഓവനെ ക്വേന മഫാക്ക പുറത്താക്കിയപ്പോള്‍ തുഷാര്‍ ദേശ്പാണ്ഡേ രണ്ട് വിക്കറ്റും നേടി.
Superb start with the ball 😍#RR have #PBKS 3⃣ down already ☝️