ഐ.പി.എല്ലില്‍ ഇന്ന് മലയാളികളുടെ പ്രിയ ടീമായ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. മലയാളി താരം സഞ്ജു സാംസണ്‍ ഈ മത്സരത്തില്‍ ക്യാപ്റ്റനായി തിരിച്ചെത്തും.
പരിക്ക് മൂലം ആദ്യ മൂന്ന് മത്സരത്തിലും ഇംപാക്ട് പ്ലെയറായാണ് സഞ്ജു കളത്തിലിറങ്ങിയത്. ബി.സി.സി.ഐയുടെ അനുമതി ലഭിക്കാത്തതിനാലായിരുന്നു താരത്തിന് വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റന്‍സിയും ചെയ്യാനാകാതിരുന്നത്.
സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് അനുമതി സ്വന്തമാക്കിയാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി മടങ്ങിയെത്താനൊരുങ്ങുന്നത്.
ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. 7500 ടി-20 റണ്‍സെന്ന നാഴികക്കല്ലാണ് സഞ്ജുവിന് മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വേണ്ടത് 57 റണ്‍സ് മാത്രമാണ്.
നിലവില്‍ 298 മത്സരങ്ങളില്‍ നിന്ന് ടി- 20യില്‍ 7443 റണ്‍സാണ് സഞ്ജു നേടിയത്. ആറ് സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും ഈ ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 29.53 ശരാശരിയും 137.09 സ്‌ട്രൈക്ക് റേറ്റുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പേരിലുള്ളത്.
ടി-20ല്‍ ഇതുവരെ ഏഴ് ഇന്ത്യന്‍ താരങ്ങളാണ് 7500 റണ്‍സ് നേടിയിട്ടുള്ളത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ദിനേശ് കാര്‍ത്തിക്, എന്നിവരാണ് ഈ നേട്ടത്തില്‍ എത്തിയ ഇന്ത്യന്‍ താരങ്ങള്‍.
മികച്ച പ്രകടനത്തോടെയാണ് സഞ്ജു ഈ സീസണ്‍ ആരംഭിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ബാക്കി രണ്ട് മത്സരങ്ങളില്‍ ഈ ഫോം താരത്തിന് നിലനിര്‍ത്താനായില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് 99 റണ്‍സെടുത്തിട്ടുണ്ട്.
അതേസമയം, സീസണിലെ മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടും രാജസ്ഥാന്‍ തോറ്റിരുന്നു. മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് നേടിയ വിജയം മാത്രമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്.
നിലവില്‍ രണ്ട് പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. സഞ്ജുവിന്റെ കീഴില്‍ വിജയം നേടി ടൂര്‍ണമെന്റില്‍ കുതിക്കാനാണ് പിങ്ക് ആര്‍മി ലക്ഷ്യമിടുന്നത്.
Content Highlight: IPL 2025: RR vs PBKS: Rajasthan Royals Skipper Sanju Samson Aims To Complete 7500 Runs In T-20 Career