| Sunday, 18th May 2025, 6:33 pm

2.5 ഓവറില്‍ ഫിഫ്റ്റി! ചരിത്രമെഴുതി രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 220 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നേഹല്‍ വധേരയുടെയും ശശാങ്ക് സിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.

നേഹല്‍ വധേര 37 പന്തില്‍ 70 റണ്‍സടിച്ചപ്പോള്‍ 30 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് ശശാങ്ക് സിങ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ ഓവര്‍ മുതല്‍ക്ക് തന്നെ യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് പറപറന്നു.

മൂന്ന് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് 50 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ജെയ്‌സ്വാള്‍ ഫോറടിച്ചുകൊണ്ടാണ് ടീം സ്‌കോര്‍ 51ലെത്തിച്ചത്.

ഇതോടെ ഒരു റെക്കോഡും രാജസ്ഥാന്‍ സ്വന്തമാക്കി. ഈ ഐ.പി.എല്‍ സീസണില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് മാര്‍ക് പിന്നിടുന്ന ടീം എന്ന നേട്ടമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ 50 മാര്‍ക് പിന്നിടുമ്പോള്‍ ജെയ്‌സ്വാള്‍ 11 പന്തില്‍ 34 റണ്‍സും സൂര്യവംശി ആറ് പന്തില്‍ 16 റണ്‍സും നേടിയിരുന്നു.

ഇതിനൊപ്പം മറ്റൊരു റെക്കോഡിലേക്കും രാജസ്ഥാന്‍ ചുവടുവെച്ചു. ഈ സീസണില്‍ ആദ്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത് ടീമായാണ് രാജസ്ഥാന്‍ മാറിയത്.

ഐ.പി.എല്‍ 2025ല്‍ ആദ്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ ടീം

(റണ്‍സ് – ടീം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)

53 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ബെംഗളൂരു

53 – പഞ്ചാബ് കിങ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഹൈദരാബാദ്

51 – രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് – ജയ്പൂര്‍*

നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍ ബാറ്റിങ് തുടരുന്നത്. 14 പന്തില്‍ 20 റണ്‍സുമായി സഞ്ജുവും ആറ് പന്തില്‍ മൂന്ന് റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, മിച്ചല്‍ ഓവന്‍, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായ്, മാര്‍കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ലെറ്റ്, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, വാനിന്ദു ഹസരങ്ക, ക്വേന മഫാക്ക, തുഷാര്‍ ദേശ്പാണ്ഡേ, ആകാശ് മധ്വാള്‍, ഫസല്‍ഹഖ് ഫാറൂഖി.

Content Highlight: IPL 2025: RR vs PBKS: Rajasthan Royals becomes the fastest team to complete 50 runs mark in IPL 2025

We use cookies to give you the best possible experience. Learn more