ഐ.പി.എല്‍ 2025ലെ 59ാം മത്സരത്തിന് കളമൊരുങ്ങുകയാണ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.എല്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടാനൊരുങ്ങുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു.
പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് പഞ്ചാബ് കിങ്‌സ് രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. അതേസമയം ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായ രാജസ്ഥാനാകട്ടെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിലെ വിജയമാണ് ആഗ്രഹിക്കുന്നത്.
വിക്കറ്റ് വളരെ മികച്ചതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രേയസ് അയ്യര്‍ ടോസ് വിജയിച്ചതിന് പിന്നാലെ ബാറ്റിങ് തെരഞ്ഞെടുത്തത്. മിച്ചല്‍ ഓവന്‍, മാര്‍ക്കോ യാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിങ്ങനെ മൂന്ന് മാറ്റങ്ങളും ടീമിലുണ്ട്.
അതേസമയം, ടോസ് നേടിയാല്‍ തങ്ങള്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുമെന്നാണ് കളത്തിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണ്‍ പറഞ്ഞത്. താന്‍ നൂറ് ശതമാനവും പരിക്കില്‍ നിന്നും മുക്തനായെന്നും വൈഭവിന് വേണ്ടി ബാറ്റിങ് ഓര്‍ഡറില്‍ സ്വയം ഡീമോട്ട് ചെയ്യുന്നുവെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.
നേരത്തെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് സഞ്ജു സാംസണ് പരിക്കേല്‍ക്കുന്നത്. ഇതോടെ കളിക്കളത്തില്‍ നിന്നും ഏറെ നാള്‍ വിട്ടുനില്‍ക്കേണ്ടി വന്ന താരത്തിന് തന്റെ ടീം പരാജയങ്ങള്‍ ഡഗ് ഔട്ടില്‍ നിന്നും നോക്കിക്കാണേണ്ടി വന്നിരുന്നു. എന്നാല്‍ അവസാന മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിച്ചുകൊണ്ട് സീസണ്‍ അവസാനിപ്പിക്കാനാണ് സഞ്ജു ഒരുങ്ങുന്നത്.