രാജസ്ഥാന്‍ റോയല്‍സിനും പഞ്ചാബ് കിങ്‌സിനും വേണ്ടി ഓരോ താരങ്ങള്‍ അരങ്ങേറ്റം കുറിച്ച മത്സരം കൂടിയായിരുന്നു ഇത്. പഞ്ചാബിനായി ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ഓവനും രാജസ്ഥാന്‍ റോയല്‍സിനായി സൗത്ത് ആഫ്രിക്കന്‍ താരം ക്വേന മഫാക്കയും കളത്തിലിറങ്ങി.
രാജസ്ഥാന്റെ അരങ്ങേറ്റക്കാരന് വിക്കറ്റ് നല്‍കിക്കൊണ്ടായിരുന്നു പഞ്ചാബിന്റെ അരങ്ങേറ്റക്കാരന്‍ പുറത്തായത്. നേരിട്ട രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ സഞ്ജു സാംസണ് ക്യാച്ച് നല്‍കി ഓവന്‍ തിരിച്ചുനടന്നു.
— Rajasthan Royals (@rajasthanroyals) May 18, 2025
ഇതോടെ ഒരു അനാവശ്യ നേട്ടവും ഓവന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയിലാണ് ഓവന്‍ ഇടം നേടിയത്. ഇത്തരത്തില്‍ പുറത്താകുന്ന നാലാമത് ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് ഈ വലംകയ്യന്‍ ബാറ്റര്‍.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് നാല് ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ടോപ് ഓര്‍ഡറിനെ നഷ്ടപ്പെട്ടിരുന്നു. പ്രിയാന്‍ഷ് ആര്യ (ഏഴ് പന്തില്‍ ഒമ്പത്), മിച്ചല്‍ ഓവന്‍ (രണ്ട് പന്തില്‍ പൂജ്യം). പ്രഭ്‌സിമ്രാന്‍ സിങ് (പത്ത് പന്തില്‍ 21) എന്നിവരാണ് പുറത്തായത്.
നാലാം ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി നേഹല്‍ വധേര സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ ശ്രേയസിനെ പുറത്താക്കി റിയാന്‍ പരാഗാണ് കൂട്ടുകെട്ട് പൊളിച്ചത്. 25 പന്തില്‍ 30 റണ്‍സുമായി ശ്രേയസ് ജെയ്‌സ്വാളിന് ക്യാച്ച് നല്‍കി മടങ്ങി.
പിന്നാലെയെത്തിയ ശശാങ്ക് സിങ്ങിനൊപ്പവും വധേര അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 159ല്‍ നില്‍ക്കവെ 37 പന്തില്‍ 70 റണ്‍സുമായി വധേര മടങ്ങി. സീസണിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് താരം തന്റെ പേരില്‍ കുറിച്ചത്.
വധേര പുറത്തായെങ്കിലും ശശാങ്ക് തന്റെ വെടിക്കെട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 219 റണ്‍സ് സ്വന്തമാക്കി. ശശാങ്ക് 30 പന്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായ് ഒമ്പത് പന്തില്‍ പുറത്താകാതെ 21 റണ്‍സും നേടി.