രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചാല്‍ ആരൊക്കെ കയറും? സൂപ്പര്‍ സണ്‍ഡേ അക്ഷരാര്‍ത്ഥത്തില്‍ സൂപ്പറാണ്
IPL
രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചാല്‍ ആരൊക്കെ കയറും? സൂപ്പര്‍ സണ്‍ഡേ അക്ഷരാര്‍ത്ഥത്തില്‍ സൂപ്പറാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th May 2025, 4:42 pm

ഐ.പി.എല്‍ 2025ലെ 59ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. സീസണില്‍ രാജസ്ഥാന്റെ അവസാന ഹോം മത്സരമാണിത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു.

പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് പഞ്ചാബ് കിങ്‌സ് രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. അതേസമയം ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായ രാജസ്ഥാനാകട്ടെ ഇനിയുള്ള രണ്ട് മത്സരത്തിലും വിജയിച്ചുകൊണ്ട് പടിയിറങ്ങാനുള്ള ശ്രമത്തിലാണ്.

സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് മറ്റൊരു മത്സരം കൂടി അരങ്ങേറുന്നുണ്ട്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

ഈ രണ്ട് മത്സരത്തിലെ ജയപരാജയങ്ങള്‍ കണക്കിലെടുത്ത് പോയിന്റ് പട്ടികയിലെ മൂന്ന് ടീമുകള്‍ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളാണ് പ്ലേ ഓഫിന് തൊട്ടടുത്തുള്ളത്.

12 മത്സരത്തില്‍ നിന്നും 17 പോയിന്റാണ് റോയല്‍ ചലഞ്ചേഴ്‌സിനുള്ളത്. 11 മത്സരത്തില്‍ നിന്നും 16 പോയിന്റുമായി ടൈറ്റന്‍സ് രണ്ടാമതും 11 മത്സരത്തില്‍ നിന്നും 15 പോയിന്റുമായി പഞ്ചാബ് കിങ്‌സ് മൂന്നാമതുമാണ്.

പഞ്ചാബ് കിങ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയിക്കുകയാണെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പ്ലേ ഓഫില്‍ പ്രവേശിക്കാം.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും വിജയിച്ചാല്‍ ആര്‍.സി.ബി, പഞ്ചാബ്, ഗുജറാത്ത് എന്നീ മൂന്ന് ടീമുകളും പ്ലേ ഓഫില്‍ പ്രവേശിക്കും.

ആദ്യ മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെടുകയും രണ്ടാം മത്സരത്തില്‍ ഗുജറാത്ത് വിജയിക്കുകയും ചെയ്താല്‍ റോയല്‍ ചലഞ്ചേഴ്‌സിനും ഗുജറാത്ത് ടൈറ്റന്‍സിനും പ്ലേ ഓഫില്‍ പ്രവേശിക്കാം.

ഞായറാഴ്ച ആദ്യ മത്സരത്തില്‍ രാജസ്ഥാനും രണ്ടാം മത്സരത്തില്‍ ദല്‍ഹിയും വിജയിക്കുകയാണെങ്കില്‍ അഥവാ പഞ്ചാബും ഗുജറാത്തും പരാജയപ്പെടുകയാണെങ്കില്‍ ഒരു ടീമും പ്ലേ ഓഫില്‍ പ്രവേശിക്കില്ല.

അതേസമയം, രാജസ്ഥാനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് 11 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 എന്ന നിലയിലാണ്. പ്രിയാന്‍ഷ് ആര്യ (ഏഴ് പന്തില്‍ ഒമ്പത്), അരങ്ങേറ്റക്കാരന്‍ മിച്ചല്‍ ഓവന്‍ (സില്‍വര്‍ ഡക്ക്), പ്രഭ്‌സിമ്രാന്‍ സിങ് (പത്ത് പന്തില്‍ 21), ശ്രേയസ് അയ്യര്‍ (25 പന്തില്‍ 30) എന്നിവരാണ് മടങ്ങിയത്. 20 പന്തില്‍ 38 റണ്‍സുമായി നേഹല്‍ വധേരയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി ശശാങ്ക് സിങ്ങുമാണ് ക്രീസില്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, മിച്ചല്‍ ഓവന്‍, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായ്, മാര്‍കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, വാനിന്ദു ഹസരങ്ക, ക്വേന മഫാക്ക, തുഷാര്‍ ദേശ്പാണ്ഡേ, ആകാശ് മധ്വാള്‍, ഫസല്‍ഹഖ് ഫാറൂഖി.

 

Content Highlight: IPL 2025: RR vs PBKS and GT vs DC: Playoff scenarios after 59th and 60th matches