ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
മത്സരത്തിന്റെ നാലാം ഓവറില്‍ രാജസ്ഥാന് സൂപ്പര്‍ താരം സഞ്ജു സാംസണെ നഷ്ടമായിരുന്നു. വൈഭവ് അറോറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. 11 പന്തില്‍ 13 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു സഞ്ജുവിന്റെ മടക്കം.
വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി യശസ്വി ജെയ്‌സ്വാള്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ജെയ്‌സ്വാള്‍ മോശമല്ലാത്ത രീതിയില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കെതിരെ ബാറ്റ് വീശി.
മത്സരത്തില്‍ 21 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജെയ്‌സ്വാളിനെ ഒരു തകര്‍പ്പന്‍ നേട്ടവും തേടിയെത്തിയിരുന്നു. ടി-20യില്‍ 3,000 റണ്‍സെന്ന കരിയര്‍ മൈല്‍സ്റ്റോണാണ് ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചത്. വൈഭവ് അറോറയെ സിക്‌സറിന് പറത്തിക്കൊണ്ടായിരുന്നു ജെയ്‌സ്വാള്‍ 3,000 റണ്‍സെന്ന നേട്ടം പൂര്‍ത്തിയാക്കിയത്.
തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും ജെയ്‌സ്വാള്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തു.
കരിയറിലെ 102ാം ഇന്നിങ്‌സിലാണ് ജെയ്‌സ്വാള്‍ ഈ നേട്ടത്തിലെത്തിയത്. 31.35 ശരാശരിയിലും 149.92 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്. മൂന്ന് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ പേരിലുള്ളത്.
ഈ റെക്കോഡ് സ്വന്തമാക്കിയെങ്കിലും അധിക നേരം ക്രിസില്‍ തുടരാന്‍ ജെയ്‌സ്വാളിന് സാധിച്ചില്ല. 24 പന്തില്‍ 29 റണ്‍സുമായി താരം മടങ്ങി. മോയിന്‍ അലിയുടെ പന്തില്‍ ഹര്‍ഷിത് റാണയ്ക്ക് ക്യാച്ച് നല്‍കിയാണ് ജെയ്‌സ്വാള്‍ പുറത്തായത്.
നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാന്‍. സഞ്ജുവിനെയും ജെയ്‌സ്വാളിനും പുറമെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. 15 പന്തില്‍ 25 റണ്‍സ് നേടി നില്‍ക്കവെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.