ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 25 പന്ത് ബാക്കി നില്‍ക്കവെയാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രകടനം രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരന്‍ താരം വൈഭവ് സൂര്യവംശിയുടേതായിരുന്നു. 38 പന്തില്‍ 101 റണ്‍സുമായാണ് താരം മത്സരത്തില്‍ ത്രസിപ്പിക്കുന്ന പ്രകടനം നടത്തിയത്. 11 സിക്‌സറും ഏഴ് ഫോറും അടക്കം 265.79 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 35ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. അതും വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കവെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാനെ സിക്‌സറിന് പറത്തിക്കൊണ്ട്!
Youngest to score a T20 1⃣0⃣0⃣ ✅
Fastest TATA IPL hundred by an Indian ✅
Second-fastest hundred in TATA IPL ✅
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധ സെഞ്ചൂറിയനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി അധികം വൈകാതെ ഐ.പി.എല്‍ ചരിത്രത്തിലെ എന്നല്ല, ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന റെക്കോഡും താരം സ്വന്തമാക്കി.
തന്റെ ഐ.പി.എല്ലിലെ മൂന്നാം മത്സരത്തില്‍ തന്നെ സെഞ്ച്വറിയുമായി തിളങ്ങിയ കൗമാരക്കാരന്‍ തന്നെയാണ് കളിയിലെ താരവുമായത്. അതിന് ശേഷം തന്റെ പ്രകടനത്തെ കുറിച്ച് വൈഭവ് സംസാരിച്ചിരുന്നു.
ഒരു ഐ.പി.എല്‍ സെഞ്ച്വറി തന്റെ സ്വപ്നമായിരുന്നുവെന്നും പ്രകടനം നടത്തുകയെന്നതാണ് തന്റെ ജോലി എന്നതിനാല്‍ ആളുകള്‍ എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാറില്ലെന്നും വൈഭവ് പറഞ്ഞു. നാല് മാസമായി നടത്തുന്ന പരിശീലനത്തില്‍ ഫലം കണ്ടുതുടങ്ങിയതില്‍ സന്തോഷമെന്നും ബൗളറില്‍ അല്ല മത്സര സാഹചര്യങ്ങളിലാണ് താന്‍ ഫോക്കസ് ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുക എന്നത് ഒരു സ്വപ്നമായിരുന്നു. പക്ഷേ എനിക്ക് ഭയമില്ല. പ്രകടനം നടത്തുക എന്നതാണ് എന്റെ ജോലി. അതിനാല്‍ ആളുകള്‍ എന്ത് പറയും എന്നതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
എന്റെ മൂന്നാമത്തെ ഐ.പി.എല്‍ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്നത് ഒരു നല്ല അനുഭവമാണ്. നാല് മാസമായി ഞാന്‍ പരിശീലനം നടത്തുകയാണ്. ഫലങ്ങള്‍ വന്നു തുടങ്ങിയത് സന്തോഷകരമാണ്. ഞാന്‍ ബൗളര്‍മാരെ നോക്കാറില്ല, മത്സര സാഹചര്യത്തിലാണ് എന്റെ ശ്രദ്ധ,’ വൈഭവ് പറഞ്ഞു.
മത്സരത്തിലെ വൈഭവിന്റെ ഓപ്പണിങ് പങ്കാളിയായ യശസ്വി ജെയ്‌സ്വാളിനെ കുറിച്ചും താരം സംസാരിച്ചു. ജെയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്തത് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് വൈഭവ് പറഞ്ഞു.
‘യശസ്വി ജെയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്തത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഞാന്‍ ക്രീസിലായിരുന്നപ്പോള്‍ അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയും പോസിറ്റീവ് കാര്യങ്ങള്‍ പറയുകയും ചെയ്തു,’ വൈഭവ് പറഞ്ഞു.
വൈഭവിന് പുറമെ 40 പന്തില്‍ 70 റണ്‍സെടുത്ത ജെയ്‌സ്വാളും15 പന്തില്‍ 32 റണ്‍സെടുത്ത റിയാന്‍ പരാഗും രാജസ്ഥനായി മികച്ച പ്രകടനം പുറത്തെടുത്തു. പ്രസീദ് കൃഷ്ണയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായ വൈഭവിന് ശേഷമെത്തിയ നിതീഷ് റാണ മാത്രമാണ് നിരാശപ്പെടുത്തിയത്. താരം റഷീദ് ഖാന്റെ പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത് എല്‍.ബി.ഡബ്ലൂയയാണ് മടങ്ങിയത്.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പതിവുപോലെ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 30 പന്തില്‍ 39 റണ്‍സുമായി നിന്ന സായ് സുദര്‍ശനെ മടക്കി മഹീഷ് തീക്ഷണയാണ് കൂട്ടുകെട്ട് പൊളിച്ചത്.