ഐ.പി.എല്ലില്‍ മൂന്നാം വിജയം തേടിയാണ് സഞ്ജുവും സംഘവും ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കളത്തിലിറങ്ങിയത്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തിന്റെ ആദ്യ രണ്ട് ഓവറില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സമഗ്രാധിപത്യമാണ് ഫിറോസ് ഷാ കോട്‌ലയില്‍ ആരാധകര്‍ കണ്ടത്. ആദ്യ ഓവറില്‍ പത്ത് റണ്‍സും രണ്ടാം ഓവറില്‍ 23 റണ്‍സുമായി ദല്‍ഹി ഓപ്പണര്‍മാര്‍ കളം നിറഞ്ഞാടി.
മൂന്നാം ഓവറില്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ രാജസ്ഥാന്‍ റോയല്‍സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. ഒമ്പത് റണ്‍സ് നേടിയ മക്ഗൂര്‍ക്കിനെ ജെയ്‌സ്വാളിന്റെ കൈകളിലെത്തിച്ച് ആര്‍ച്ചര്‍ ആദ്യ രക്തം ചിന്തി.
വണ്‍ ഡൗണായി രാജസ്ഥാന്‍ ആരാധകര്‍ പേടിച്ച കരുണ്‍ നായരാണ് ക്രീസിലെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ കരുണ്‍ രാജസ്ഥാനെതിരെയും നാശം വിതയ്ക്കുമെന്ന് ആരാധകര്‍ കരുതി.
ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ബുംറയെ പോലും തുടര്‍ച്ചയായ സിക്‌സറുകള്‍ക്ക് പറത്തി റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന കരുണ്‍ നായരിനെ സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ എബൗവ് ആവറേജ് ബൗളിങ് നിര ഒരു ഇരയല്ല എന്ന് ആരാധകര്‍ കരുതി.
നേരിട്ട ആദ്യ മൂന്ന് പന്തിലും കരുണ്‍ നായരിന് സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല.
സന്ദീപ് ശര്‍മയെറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കരുണ്‍ നായര്‍ മടങ്ങി. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടായാണ് കരുണ്‍ നായര്‍ മടങ്ങിയത്. അഭിഷേക് പോരലും കരുണും തമ്മിലുണ്ടായ മിസ് കമ്മ്യൂണിക്കേഷന്‍ കരുണ്‍ നായരിന്റെ പുറത്താവലില്‍ കലാശിക്കുകയായിരുന്നു.
തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് നാലാം തവണയാണ് കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്താകുന്നത്. നാല് തവണയും ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, മത്സരം 11 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന നിലയിലാണ് ദല്‍ഹി. 30 പന്തില്‍ 42 റണ്‍സുമായി അഭിഷേക് പോരലും 27 പന്തില്‍ 35 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.