| Tuesday, 20th May 2025, 10:18 pm

ജെയ്‌സ്വാളിനൊപ്പമെത്തിയ ജെയ്‌സ്വാള്‍ മാജിക്; ഈ സീസണില്‍ ഇനിയാര്‍ക്കെങ്കിലും ഈ റെക്കോഡ് സ്വന്തമാക്കാനാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ 62ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ആയുഷ് മാഹ്‌ത്രെ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ കരുത്തില്‍ 187 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനായി യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഖലില്‍ അഹമ്മദെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ഫോറടിച്ചുകൊണ്ട് ജെയ്‌സ്വാള്‍ അക്കൗണ്ട് തുറന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. ഒരു സീസണില്‍ ഏറ്റവുമധികം തവണ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടുന്ന താരമായാണ് ജെയ്‌സ്വാള്‍ റെക്കോഡിട്ടത്. സീസണില്‍ ഇത് അഞ്ചാം തവണയാണ് ബൗണ്ടറിയടിച്ച് ജെയ്‌സ്വാള്‍ ഇന്നിങ്‌സ് ആരംഭിക്കുന്നത്.

2023ലും ജെയ്‌സ്വാള്‍ ഇത്തരത്തില്‍ അഞ്ച് മത്സരങ്ങളില്‍ ബൗണ്ടറിയടിച്ച് ഇന്നിങ്‌സ് തുടങ്ങിയിരുന്നു. 2014ല്‍ വിരേന്ദര്‍ സേവാഗിന്റെ പേരിലും ഇതേ റെക്കോഡ് കുറിക്കപ്പെട്ടിരുന്നു.

ഒരു സീസണില്‍ ഏറ്റവുമധികം തവണ ഇന്നിങ്‌സിലെ ആദ്യ പന്ത് ബൗണ്ടറിയടിക്കുന്നന്ന താരം

(താരം – ടീം – ഇന്നിങ്‌സ് – വര്‍ഷം എന്നീ ക്രമത്തില്‍)

യശസ്വി ജെയ്‌സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ് – 5 – 2025*

യശസ്വി ജെയ്‌സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ് – 5 – 2023

വിരേന്ദര്‍ സേവാഗ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 5 – 2014

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4 – 2023

സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 4 – 2018

ഫില്‍ സാള്‍ട്ട് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4 – 2025

മികച്ച തുടക്കം സമ്മാനിച്ച് ജെയ്‌സ്വാള്‍ നാലാം ഓവറിലെ നാലാം പന്തില്‍ മടങ്ങി. ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെയായിരുന്നു താരത്തിന്റെ മടക്കം. രാജസ്ഥാന്‍ ആകെ നേടിയ 37 റണ്‍സില്‍ 36 റണ്‍സും ജെയ്‌സ്വാള്‍ തന്നെയാണ് സ്വന്തമാക്കിയത്.

അന്‍ഷുല്‍ കാംബോജിന് വിക്കറ്റ് നല്‍കി മടങ്ങും മുമ്പ് അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 189.47 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 65 എന്ന നിലയിലാണ് രാജസ്ഥാന്‍. പത്ത് പന്തില്‍ 12 റണ്‍സുമായി വൈഭവ് സൂര്യവംശിയും 13 പന്തില്‍ 17 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ക്വേന മഫാക്ക, യുദ്ധ്‌വീര്‍ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ആകാശ് മധ്വാള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഡെവോണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.

Content Highlight: IPL 2025: RR vs CSK: Yashasvi Jaiswal tops the list of most instances of hitting boundaries off the first ball of an innings in an IPL season

We use cookies to give you the best possible experience. Learn more