സിക്‌സറടിച്ച് ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഹിറ്റ്മാന്‍; അക്‌സറില്ലാത്ത മത്സരത്തില്‍ ജയം തേടി ദല്‍ഹി
IPL
സിക്‌സറടിച്ച് ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഹിറ്റ്മാന്‍; അക്‌സറില്ലാത്ത മത്സരത്തില്‍ ജയം തേടി ദല്‍ഹി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st May 2025, 7:38 pm

പ്ലേ ഓഫിലെ അവസാന സ്‌പോട്ട് ലക്ഷ്യം വെക്കുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് മുംബൈ വാംഖഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. പോയിന്റ് പട്ടികയിലെ നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകള്‍ തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്.

12 മത്സരത്തില്‍ നിന്നും ഏഴ് ജയത്തോടെ 14 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ നാലാമതാണ്. 12 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 13 പോയിന്റുമായാണ് ദല്‍ഹി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇരു ടീമുകള്‍ക്കും മറ്റൊരു മത്സരം കൂടി ബാക്കിയുണ്ട്.

വാംഖഡെയെയില്‍ ടോസ് നേടിയ ദല്‍ഹി മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയച്ചു.

മത്സരത്തില്‍ ഒരു ചരിത്ര നേട്ടമാണ് മുന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ 300 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡിലേക്കാണ് ഹിറ്റ്മാന്‍ കണ്ണുവെക്കുന്നത്. ഇതിനായി വേണ്ടതാകട്ടെ വെറും മൂന്ന് സിക്‌സറും.

ചരിത്രത്തില്‍ ഇതുവരെ റോയല്‍ ചലഞ്ചേഴ്‌സ് ലെജന്‍ഡും ഹോള്‍ ഓഫ് ഫെയ്മറുമായ ക്രിസ് ഗെയ്‌ലിന് മാത്രം സ്വന്തമായ നേട്ടത്തിലേക്കാണ് രോഹിത്തും നടന്നുകയറാന്‍ ഒരുങ്ങുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 141 – 357

രോഹിത് ശര്‍മ – 263 – 297

വിരാട് കോഹ്‌ലി – 255 – 290

എം.എസ്. ധോണി – 242 – 264

എ.ബി ഡി വില്ലിയേഴ്‌സ് – 170 – 251

ഡേവിഡ് വാര്‍ണര്‍ – 184 – 236

അതേസമയം, ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും സൂപ്പര്‍ താരം കെ.എല്‍. രാഹുലുമില്ലാതെയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് നിര്‍ണായക മത്സരത്തിനിറങ്ങുന്നത്. അക്‌സറിന്റെ അഭാവത്തില്‍ ഫാഫ് ഡു പ്ലെസിയാണ് ടീമിനെ നയിക്കുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മാധവ് തിവാരി, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

Content Highlight: IPL 2025: Rohit Sharma need 3 sixes to complete 300 IPL sixes