ഐ.പി.എല്‍ 2025ലെ ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് റോബിന്‍ ഉത്തപ്പ!
2025 IPL
ഐ.പി.എല്‍ 2025ലെ ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് റോബിന്‍ ഉത്തപ്പ!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th May 2025, 8:00 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ലഖ്‌നൗ വഴങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നായകന്‍ റിഷബ് പന്തിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ 227 റണ്‍സെടുത്തിരുന്നു. എന്നാല്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ബെംഗളൂരു വിജയം സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബെംഗളൂരുവിന് സാധിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സാണ്. മൂന്നാം സ്ഥാനത്ത് ഗുജറാത്തും നാലാം സ്ഥാനത്ത് മുംബൈയുമാണ്.

ഇനി ഐ.പി.എല്ലിലെ എലിമിനേറ്റര്‍ മത്സരങ്ങള്‍ക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇതോടെ ഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഫൈനലില്‍ ബെംഗളൂരുവും പഞ്ചാബും ഏറ്റുമുട്ടുമെന്നാണ് ഉത്തപ്പ ശക്തമായി വിശ്വസിക്കുന്നത്.

‘ബെംഗളൂരുവും പഞ്ചാബും തമ്മിലായിരിക്കും ഇത്തവണത്തെ ഐ.പി.എല്‍ ഫൈനലില്‍ ഏറ്റുമുട്ടുകയെന്നാണ് എനിക്ക് തോന്നുന്നത്. ഇത് ഞാന്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. പഞ്ചാബും ബെംഗളൂരുവും തമ്മിലായിരിക്കും ഫൈനലെന്നു ഞാന്‍ വിശ്വസിക്കുന്നു.

അര്‍ഷ്ദീപ് സിങ് ഈ സീസണില്‍ ഇനിയും തന്റെ യഥാര്‍ത്ഥ ഫോം പുറത്തെടുത്തിട്ടില്ല. അത് പഞ്ചാബിന് ശുഭസൂചനയാണ്. ടൂര്‍ണമെന്റില്‍ ശരിയായ സമയത്ത് തന്നെ നിങ്ങള്‍ക്ക് നല്ലൊരു താളം ആവശ്യമാണ്. പ്ലേ ഓഫിലേക്ക് പോവുമ്പോള്‍ നല്ല ആവേശമുണ്ടായിരിക്കുകയും വേണം,’ ഉത്തപ്പ പറഞ്ഞു.

ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തങ്ങളുടെ കന്നി കിരീടം ലക്ഷ്യംവെക്കുമ്പോള്‍ ഗുജറാത്ത് ഒരു തവണ ചാമ്പ്യന്‍മാരാകുകയും മറ്റൊരു തവണ റണ്ണേഴ്‌സ് അപ് അകുകയും ചെയ്തിരുന്നു, എന്നാല്‍ മുംബൈയാകട്ടെ തങ്ങളുടെ ആറാം കിരീടത്തിന് വേണ്ടിയാണ് കളത്തിലിറങ്ങുക.

Content Highlight: IPL 2025: Robin Uthappa selects the finalists for IPL 2025