ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ ധോണിപ്പട വിജയം സ്വന്തംമാക്കിയിരുന്നു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.
ലഖ്‌നൗ ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.
തന്റെ ഐ.പി.എല്‍ കരിയറില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത 50ാം മത്സരത്തിനാണ് പന്ത് ഹോം ഗ്രൗണ്ടില്‍ കളത്തിലിറങ്ങിയത്. എന്നാല്‍ 50ാം മത്സരത്തില്‍ അമ്പതടിച്ചെങ്കിലും വിജയം മാത്രം സ്വന്തമാക്കാന്‍ പന്തിന് സാധിച്ചില്ല.
ഐ.പി.എല്‍ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും മികച്ച മൈല്‍സ്റ്റോണ്‍ മാച്ചില്‍ പരാജയപ്പെടുന്ന ആദ്യ ക്യാപ്റ്റനല്ല റിഷബ് പന്ത്. രോഹിത് ശര്‍മയും ഗൗതം ഗംഭീറുമടക്കം അഞ്ച് ക്യാപ്റ്റന്‍മാര്‍ ഈ അനാവശ്യ നേട്ടത്തിലെത്തിയിട്ടുണ്ട്.
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണാണ് ഇതിന് മുമ്പ് ക്യാപ്റ്റന്‍സി കരിയറിലെ 50ാം മത്സരത്തില്‍ പരാജയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു സഞ്ജുവിന്റെയും സംഘത്തിന്റെയും പരാജയം.
അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ടൈറ്റന്‍സിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ടൈറ്റന്‍സ് മറികടന്നു. മത്സരത്തിന്റെ അവസാന പന്തില്‍ വിജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ റാഷിദ് ഖാന്‍ ഫോര്‍ നേടി വിജയം സമ്മാനിക്കുകയായിരുന്നു.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റുവാങ്ങിയ പരാജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാമതാണ് ലഖ്‌നൗ. ഏഴ് മത്സരത്തില്‍ നാല് ജയത്തോടെ എട്ട് പോയിന്റാണ് ടീമിനുള്ളത്. ഒരുപക്ഷേ സൂപ്പര്‍ കിങ്‌സിനെതിരെ വിജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും സൂപ്പര്‍ ജയന്റ്‌സിന് സാധിക്കുമായിരുന്നു.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാകട്ടെ വിജയിച്ചിട്ടും പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയവും അഞ്ച് തോല്‍വിയുമായി നാല് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 19നാണ് സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
Content Highlight: IPL 2025: Rishabh Pant joins the list of IPL Captains to lose their 50th match