ഞങ്ങള്‍ അതില്‍ തൃപ്തരായിരുന്നു, പക്ഷേ വേണ്ടത്ര മികച്ചവരായിരുന്നില്ല; പ്രതികരണവുമായി പോണ്ടിങ്
IPL
ഞങ്ങള്‍ അതില്‍ തൃപ്തരായിരുന്നു, പക്ഷേ വേണ്ടത്ര മികച്ചവരായിരുന്നില്ല; പ്രതികരണവുമായി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th June 2025, 11:06 am

പുതിയ കിരീടാവകാശികളുമായി ഐ.പി.എല്‍ 2025ന് തിരശീല വീണിരിക്കുന്നു. 18 വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി കിരീടത്തില്‍ മുത്തമിട്ടു. കിരീടമില്ലാത്ത രണ്ടു ടീമുകള്‍ മാറ്റുരച്ച ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ടൂര്‍ണമെന്റിന്റെ എട്ടാം ചാമ്പ്യനായത്.

മോഹക്കപ്പ് നേടിയതോടെ എല്ലാ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും കിട്ടാക്കനിയായി തുടര്‍ന്ന കനക കിരീടത്തിനുള്ള വിരാടിന്റെ കാത്തിരിപ്പിന് കൂടിയാണ് അന്ത്യം കുറിച്ചത്. ഇതോടെ ശ്രേയസിന്റെ കീഴില്‍ മികച്ച പ്രകടനത്തോടെ മുന്നേറിയ പഞ്ചാബിന്റെ ആദ്യ കിരീടമെന്ന കിനാവാണ് പൊലിഞ്ഞത്.

ഇപ്പോള്‍ തങ്ങളുടെ തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പഞ്ചാബ് കിങ്സ് പരിശീലകന്‍ റിക്കി പോണ്ടിങ്. തങ്ങളുടെ പരിചയ കുറവാകാം തോല്‍വിയ്ക്ക് കാരണമായതെന്നും അനുഭവസമ്പത്തുള്ള ഒരു മധ്യനിരയുണ്ടായിരുന്നങ്കില്‍ വ്യതാസം റിസള്‍ട്ടില്‍ വ്യത്യാസം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചിലപ്പോ പരിചയകുറവാകാം ഞങ്ങള്‍ക്ക് വിനയായത്. കുറച്ച് കൂടെ അനുഭവ പരിചയമുള്ള മധ്യനിര ഉണ്ടിരുന്നെങ്കില്‍ റിസള്‍ട്ടില്‍ വ്യത്യാസം ഉണ്ടാകുമായിരുന്നു. പക്ഷെ ഈ താരങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഭാവിയില്‍ മത്സരങ്ങള്‍ ജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ പോണ്ടിങ് പറഞ്ഞു.

തോല്‍വിയില്‍ ഒരു ഒഴിവുകഴിവുകള്‍ പറയുന്നില്ലെന്നും 190 റണ്‍സ് ചെയ്സ് ചെയ്യുന്നതില്‍ തങ്ങള്‍ തൃപതരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിച്ചില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തോല്‍വിയില്‍ ഒരു ഒഴിവുകഴിവുമില്ല. നല്ല വിക്കറ്റായിരുന്നുവെന്ന് ശശാങ്ക് മത്സര ശേഷം പറഞ്ഞിരുന്നു. നിര്‍ണായക നിമിഷത്തില്‍ ഞങ്ങള്‍ക്ക് മൊമെന്റം നഷ്ടമായി. പ്രത്യേകിച്ച് പവര്‍ പ്ലേയിലെ അവസാന ഓവറുകളില്‍.

അതിന് ശേഷം ഞങ്ങളുടെ പ്രധാന വിക്കറ്റുകളും വീണു. ആര്‍.സി.ബിയ്ക്ക് അവരുടെ ടോട്ടല്‍ കുറവാണെന്ന് തോന്നിയിരുന്നു. ഞങ്ങളും 190 ചെയ്സ് ചെയ്യുന്നതില്‍ തൃപ്തരായിരുന്നു. എന്നാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു ഒഴിവ് കഴിവുമില്ല. ഞങ്ങള്‍ അത്ര മികച്ചവരായിരുന്നില്ല,’ പോണ്ടിങ് പറഞ്ഞു.

Content Highlight: IPL 2025: Ricky Ponting talks about the defeat of Punjab Kings against Royal Challengers Bengaluru in IPL final