ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17ന് പുനരാരംഭിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഐ.പി.എല്‍ 2025ന്റെ ‘സെക്കന്‍ഡ് ഫേസിലെ’ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
മെയ് 18 ഞായറാഴ്ച ഐ.പി.എല്ലിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടമായ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്സ് മത്സരവും അരങ്ങേറും. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. മെയ് 20ന് പോയിന്റ് പട്ടികയിലെ അവസാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും രാജസ്ഥാന്‍ കളിക്കും.
അതേസമയം, ഈ രണ്ട് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ടീമിനൊപ്പമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ ഹെറ്റിക്ക് സാധിച്ചിരുന്നില്ല. വിജയിക്കേണ്ട മത്സരങ്ങളടക്കം താരം പരാജയപ്പെടുത്തിയെന്ന വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു.
മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ഏക വിദേശ താരമായിരുന്നു ഹെറ്റ്‌മെയര്‍. ലേലത്തിന് ശേഷം ടീമിലുണ്ടായിരുന്ന ഏക വിദേശ ബാറ്ററും ഹെറ്റ്‌മെയര്‍ മാത്രമായിരുന്നു.
ഫിനിഷറുടെ റോളില്‍ താരം തിളങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടീമിലെ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളില്‍ ഒരാളായും ഹെറ്റ്‌മെയര്‍ മാറി.
ഹെറ്റ്‌മെയറിന് പുറമെ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടും ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിനൊപ്പമുണ്ടായേക്കില്ല.
സീസണില്‍ കളിച്ച 12 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട് ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അനായാസം വിജയിക്കാന്‍ സാധിക്കുന്ന നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടതും ടീം സെലക്ഷനിലെ പോരായ്മകളും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായി. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി തലകുനിക്കാതെ മടങ്ങാനാകും രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ഐ.പി.എല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഷെഡ്യൂള്‍ അപെക്‌സ് ബോർഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ മൂന്നിനാണ് ഐ.പി.എല്‍ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തിനുള്ള പുതിയ വേദി ഏതെന്ന് തീരുമാനിച്ചിട്ടില്ല. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഫൈനലിന് വേദിയാകാനാണ് സാധ്യതകള്‍.
മെയ് 29 വ്യാഴാഴ്ച മുതലാണ് നോക്ക്ഔട്ട് മത്സരങ്ങള്‍ അരങ്ങേറുന്നത്. 29ന് ആദ്യ ക്വാളിഫയറും 30ന് എലിമിനേറ്റര്‍ മത്സരവും അരങ്ങേറും. ജൂണ്‍ ഒന്നിനാണ് രണ്ടാം ക്വാളിഫയര്‍.
ഐ.പി.എല്‍ 2025 – പുതുക്കിയ മത്സരക്രമം
(ദിവസം – സമയം – മത്സരം – വേദി എന്നീ ക്രമത്തില്‍)
മെയ് 17 – ശനി | 7.30 pm റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ബെംഗളൂരു
മെയ് 18 – ഞായര്‍ | 3.30 pm – രാജസ്ഥാന്‍ റോയല്‍സ് vs പഞ്ചാബ് കിങ്‌സ് – ജയ്പൂര്‍
മെയ് 18 – ഞായര്‍ | 7.30 pm – ദല്‍ഹി ക്യാപ്പിറ്റല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി
മെയ് 19- തിങ്കള്‍ | 7.30 pm – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ലഖ്‌നൗ
മെയ് 20 – ചൊവ്വ | 7.30 pm – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി
മെയ് 21 – ബുധന്‍ | 7.30 pm – മുംബൈ ഇന്ത്യന്‍സ് vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മുംബൈ
മെയ് 22 – വ്യാഴം | 7.30 pm – ഗുജറാത്ത് ടൈറ്റന്‍സ് vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – അഹമ്മദാബാദ്
മെയ് 23 – വെള്ളി | 7.30 pm – റോയല്‍ ചലഞ്ചേഴ്‌സ് vs ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ബെംഗളൂരു
മെയ് 24 – ശനി | 7.30 pm – പഞ്ചാബ് കിങ്‌സ് vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – ജയ്പൂര്‍
മെയ് 25 – ഞായര്‍ | 3.30 pm ഗുജറാത്ത് ടൈറ്റന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ് അഹമ്മദാബാദ്
മെയ് 25 – ഞായര്‍ | 7.30 pm – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദല്‍ഹി
മെയ് 26 – തിങ്കള്‍ | 7.30 pm – പഞ്ചാബ് കിങ്‌സ് vs മുംബൈ ഇന്ത്യന്‍സ് – ജയ്പൂര്‍
മെയ് 27 – ചൊവ്വ | 7.30 pm – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ലഖ്‌നൗ