ഐ.പി.എല്‍ സൗത്തിലേക്ക്; നിര്‍ണായക തീരുമാനവുമായി ബി.സി.സി.ഐ
IPL
ഐ.പി.എല്‍ സൗത്തിലേക്ക്; നിര്‍ണായക തീരുമാനവുമായി ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th May 2025, 5:55 pm

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. താരങ്ങളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഐ.പി.എല്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് ടൂര്‍ണമെന്റ് വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

ഒരാഴ്ചയ്ക്ക് ശേഷം ഐ.പി.എല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ രാജ്യത്തിന്റെ തെക്കന്‍ വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റാന്‍ അപെക്‌സ് ബോര്‍ഡ് തീരുമാനിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ നഗരങ്ങളില്‍ സീസണിലെ ശേഷിച്ച മത്സരങ്ങള്‍ നടത്തും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എം.എ. ചിദംബരം സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാജ്യത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയാണ് സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് മത്സരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സ്റ്റേഡിയത്തിലെ എല്ലാ ഫ്‌ളൈഡ് ലൈറ്റുകളും അണയ്ക്കുകയും എല്ലാ കാണികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മത്സരം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഈ മത്സരം വീണ്ടും നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ടൂര്‍ണമെന്റ് വീണ്ടും നടത്തുമ്പോള്‍ പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപിറ്റേഴ്‌സും തമ്മിലുള്ള മത്സരം പുനക്രമീകരിക്കാനും വീണ്ടും നടത്താനും ബി.സി.സി.ഐ പദ്ധതിയിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഴ കാരണം വൈകി ആരംഭിരിച്ചിരുന്ന മത്സരം 61 പന്തുകള്‍ക്ക് ശേഷം സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ടൂര്‍ണമെന്റ് താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കഴിഞ്ഞ ദിവസം (മെയ് 9) ബി.സി.സി.ഐ അറിയിച്ചിരുന്നു.

മത്സരം വീണ്ടും നടത്തുന്നത് ദല്‍ഹി ക്യാപിറ്റല്‍സിനും പഞ്ചാബ് കിങ്‌സിനും വലിയ ആശ്വാസമാകും. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരം നിര്‍ണായകമായിരുന്നു. പഞ്ചാബിന് ഒരു വിജയമകലെ പ്ലേ ഓഫില്‍ കടക്കാമെന്നിരിക്കെയായിരുന്നു മത്സരം ഉപേക്ഷിച്ചത്. അതേസമയം, ക്യാപിറ്റല്‍സിന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്നു.

 

Content Highlight: IPL 2025: Reports says remaining matches in this season will be played in Bengaluru, Chennai and Hyderabad