ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളില്‍ അയവ് വന്നതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഈ ആഴ്ചയില്‍ തന്നെ മത്സരങ്ങള്‍ ആരംഭിച്ചേക്കും. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 16-നോ 17-നോ മത്സരങ്ങള്‍ പുനരാരംഭിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐ.പി.എല്‍ ഗവേര്‍ണിങ് ബോഡിയും ഫ്രാഞ്ചൈസികളെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം മടങ്ങിപ്പോയ വിദേശ താരങ്ങളെ എത്രയും പെട്ടന്ന് തന്നെ ടീമുകള്‍ തിരിച്ചുവിളിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സൂപ്പര്‍ ടീം മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ള പുതിയ അപ്‌ഡേറ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് നാളെ (ചൊവ്വ) മുതല്‍ പ്രാക്ടീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുക്കുമെന്നാണ് എക്‌സപ്രസ് സ്‌പോര്‍ട്ടിലെ ദേവന്ദ്ര പാണ്ഡേയെ ഉദ്ധരിച്ച് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ 12 മത്സരത്തില്‍ നിന്നും 14 പോയിന്റുമായി പ്ലേ ഓഫ് ലക്ഷ്യം വെച്ചാണ് മുംബൈ ഇന്ത്യന്‍സ് കുതിക്കുന്നത്. ലീഗ് ഘട്ടത്തില്‍ ഇനി രണ്ട് മത്സരങ്ങളാണ് മുംബൈയ്ക്ക് ബാക്കിയുള്ളത്. പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് എതിരാളികള്‍.
പഞ്ചാബും ദല്‍ഹിയും പ്ലേ ഓഫ് പ്രതീക്ഷകള്‍ അണയാതെ കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ഈ രണ്ട് മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും.
അതേസമയം, ഐ.പി.എല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ ഓസീസ് താരങ്ങള്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതായിരിക്കും ഏറ്റവും വലിയ ചോദ്യമെന്നാണ് ദി വെസ്റ്റ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് ഉന്നയിക്കുന്നത്.
ദി സിഡ്നി മോര്‍ണിങ് ഹെറാള്‍ഡും ഈ സംഭവ വികാസങ്ങള്‍ക്ക് ശേഷം പല താരങ്ങളും ടൂര്‍ണമെന്റുകള്‍ക്ക് മടങ്ങുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓസ്ട്രേലിയയ്ക്ക് അടുത്ത മാസം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിക്കേണ്ടതിനാല്‍ മെയ് 25ന് അപ്പുറം ഐ.പി.എല്‍ നീണ്ടുപോയാലും താരങ്ങള്‍ എത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ സതേണ്‍ സ്റ്റേഡിയങ്ങളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണ് സീസണിലെ ശേഷിച്ച മത്സരങ്ങള്‍ നടത്തുക.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എം.എ. ചിദംബരം സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത്.
ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ അധികാരികളുമായി കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Content Highlight: IPL 2025: Reports says Mumbai Indians will restart practice by Tuesday