കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തിന് പുതിയ അവകാശികള്‍ പിറവിയെടുത്തിരിക്കുന്നു. 18 വര്‍ഷത്തിന്റെ കാത്തിരിപ്പിനും കണ്ണീരിനും മറുപടി നല്‍കി പതിനെട്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കനക കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. കരിയറില്‍ എല്ലാം നേടിയിട്ടും അന്യമായി നിന്ന കപ്പും സ്വന്തമാക്കി ടീമിന്റെ 18ാം നമ്പറുകാരനും സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.
കന്നി കിരീടം ബെംഗളൂരു സ്വന്തമാക്കിയതോടെ ടൂര്‍ണമെന്റിലെ എട്ടാം ചാമ്പ്യന്മാരാണ് ഉദിച്ചുയര്‍ന്നത്. ഐ.പി.എല്ലിന്റെ ചാമ്പ്യന്‍ പട്ടത്തില്‍ പുതിയ ടീമും പേര് തുന്നി ചേര്‍ത്തതിനൊപ്പം തന്നെ ഈ സീസണും എല്ലാ തലത്തിനും മുന്നിട്ട് നില്‍ക്കുന്നു. നിരവധി പുതുപുത്തന്‍ റെക്കോഡുകളാണ് ഐ.പി.എല്‍ 2025 എഴുതി ചേര്‍ത്തത്.
ഏറ്റവും കൂടുതല്‍ സിക്‌സുകള്‍, ഫോറുകള്‍ എന്നിവയൊക്കെ അതിര്‍ത്തി കടന്ന സീസണാണ് കടന്നു പോകുന്നത്. ഈ സീസണില്‍ 1294 സിക്‌സുകളാണ് ഗാലറിയില്‍ എത്തിയത്. കഴിഞ്ഞ സീസണിനെക്കാള്‍ 34 അധികം സിക്‌സുകള്‍ ആകാശം ഉയരെ പറത്തിയാണ് താരങ്ങളും ടീമുകളും സീസണ്‍ ആഘോഷിച്ചത്.
അതേസമയം, ഈ സീസണിലെ ഫോറുകളില്‍ 71ന്റെ വര്‍ധനവാണ് ഉണ്ടായത്. 2024 ഐ.പി.എല്‍ സീസണില്‍ 2174 ഫോറുള്ളത് ഈ വര്‍ഷം 2245 ആയി ഉയര്‍ന്നു.
ഇവ ഒന്നും കൂടാതെ ഈ സീസണില്‍ പിറന്ന അര്‍ധ സെഞ്ച്വറികളിലും മാറ്റമുണ്ടായിട്ടുണ്ട്. പതിനെട്ടാം സീസണില്‍ 143 അര്‍ധ സെഞ്ച്വറികളാണ് പത്ത് ടീമുകളിലെ താരങ്ങള്‍ അടിച്ച് കൂട്ടിയത്. 2023ലെ 141 ഫിഫ്റ്റിയുടെ റെക്കോഡാണ് ഈ സീസണ്‍ മറികടന്നത്.
മാത്രമല്ല, ഏറ്റവും കൂടുതല്‍ 200 + ടീം ടോട്ടലുകള്‍ക്കും ഈ സീസണ്‍ സാക്ഷിയായി. 34 മത്സരങ്ങളിലാണ് ഈ സീസണില്‍ ടീമുകള്‍ 200ല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്. 52 ഇന്നിങ്സുകളിലാണ് ടീം ടോട്ടല്‍ ഡബിള്‍ സെഞ്ച്വറിയടിച്ചത്. കഴിഞ്ഞ സീസണില്‍ ഇത് 41 ആയിരുന്നു.
Content Highlight: IPL 2025 registered many records in the IPL history