ഹോം ഗ്രൗണ്ടില്‍ ഫ്‌ളോപ്പാവുന്നത് ആര്‍.സി.ബി മാത്രമല്ല; ശ്രേയസിന് ഇത് നരകം, സ്വന്തം തട്ടകത്തില്‍ മാത്രം നിരാശപ്പെടുത്തുന്ന ക്യാപ്റ്റന്‍
IPL
ഹോം ഗ്രൗണ്ടില്‍ ഫ്‌ളോപ്പാവുന്നത് ആര്‍.സി.ബി മാത്രമല്ല; ശ്രേയസിന് ഇത് നരകം, സ്വന്തം തട്ടകത്തില്‍ മാത്രം നിരാശപ്പെടുത്തുന്ന ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th April 2025, 6:50 pm

സ്വന്തം മണ്ണിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനുറച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിന്റെ തട്ടകത്തിലെത്തിയത്. നേരത്തെ മഴമൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലേറ്റ തോല്‍വിക്ക് മുല്ലാന്‍പൂരില്‍ വിജയത്തോടെ മറുപടി നല്‍കാനാണ് ആര്‍.സി.ബി ഒരുങ്ങുന്നത്.

സ്വന്തം തട്ടകത്തില്‍ മാത്രം പരാജയപ്പെടുകയും എതിരാളികളുടെ ഹോം ഗ്രൗണ്ടില്‍ വിജയിക്കുകയും ചെയ്യുന്ന പതിവ് തുടര്‍ന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പേരില്‍ രണ്ട് പോയിന്റ് കൂടി ചേര്‍ക്കപ്പെടും.

ചെപ്പോക്കിലും വാംഖഡെയിലും ഇഡന്‍ ഗാര്‍ഡന്‍സിലം ജയ്പൂരിലും എതിരാളികളുടെ തട്ടകത്തില്‍ കളിച്ച നാല് മത്സരത്തിലും ജയം നേടിയപ്പോള്‍ സ്വന്തം മണ്ണിലെ മൂന്ന് മത്സരത്തിലും തോല്‍വി വഴങ്ങി. ഇപ്പോള്‍ മുല്ലാന്‍പൂര്‍ കീഴടക്കാനാണ് പ്ലേ ബോള്‍ഡ് ആര്‍മി ഒരുങ്ങുന്നത്.

 

മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാന്‍ സാധിച്ചത്. 17 പന്തില്‍ 33 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ശശാങ്ക് സിങ് (33 പന്തില്‍ 31), ജോഷ് ഇംഗ്ലിസ് (17 പന്തില്‍ 29), മാര്‍കോ യാന്‍സെന്‍ (20 പന്തില്‍ പുറത്താകാതെ 25), പ്രിയാന്‍ഷ് ആര്യ (15 പന്തില്‍ 22) എന്നിവരാണ് ടീമിലെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പത്ത് പന്ത് നേരിട്ട് ആറ് റണ്‍സാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്തായത്. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

സ്വന്തം മണ്ണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ശ്രേയസ് അയ്യരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. എതിരാളികളുടെ തട്ടകത്തില്‍ വെടിക്കെട്ടുമായി തിളങ്ങുന്ന ശ്രേയസിന് സ്വന്തം തട്ടകം നരകമാണ്.

സീസണില്‍ താരം നേടിയ മൂന്ന് അര്‍ധ സെഞ്ച്വറികളും എവേ ഗ്രൗണ്ടിലാണ്. എതിരാളികളുടെ തട്ടകത്തില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് കാലിടറിയത്. 97* (42), 52* (30), 82 (36), 7 (10) എന്നിങ്ങനെയാണ് ഏവേ ഗ്രൗണ്ടുകളില്‍ ശ്രേയസ് സ്‌കോര്‍ ചെയ്തത്.

എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഒരിക്കല്‍ മാത്രമാണ് ശ്രേയസിന് ഇരട്ടയക്കം കാണാന്‍ സാധിച്ചത്, അതും പത്ത് റണ്‍സ്! 10 (5), 9 (7), 0 (2), 6 (10) എന്നിങ്ങനെയാണ് മുല്ലാന്‍പൂരില്‍ ശ്രേയസ് സ്വന്തമാക്കിയത്.

എവേ ഗ്രൗണ്ടില്‍ 119.0 ശരാശരിയിലും 201.1 സ്‌ട്രൈക്ക് റേറ്റിലും 238 റണ്‍സടിച്ച താരത്തിന് മുല്ലാന്‍പൂരില്‍ 6.25 ശരാശരിയും 104.16 സ്‌ട്രൈക്ക് റേറ്റും മാത്രമാണുള്ളത്. സ്വന്തം തട്ടകത്തില്‍ നേടിയതാകട്ടെ വെറും 25 റണ്‍സും.

എതിരാളികളുടെ തട്ടകത്തില്‍ മാത്രം വിജയം സ്വന്തമാക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിനെ പോലെ എതിരാളികളുടെ ഹോം ഗ്രൗണ്ടില്‍ മാത്രമാണ് പഞ്ചാബ് നായകനും ഫോമിലേക്കുയരുന്നത്.

 

Content Highlight: IPL 2025: RCK vs PBKS: Shreyas Iyer once again disappointed in home ground