ഐ.പി.എല്‍ 2025ലെ 42ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 206 റണ്‍സിന്റെ വിജയലക്ഷ്യവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോറിലെത്തിയത്.
സ്വന്തം തട്ടകത്തില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയതോടെ ഒരു മികച്ച നേട്ടവും റോയല്‍ ചലഞ്ചേഴ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 200+ ടോട്ടല്‍ സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് റെക്കോഡിട്ടത്.
ഇത് 35ാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടി-20യില്‍ 200+ സ്‌കോര്‍ സ്വന്തമാക്കുന്നത്.
(ടീം – എത്ര തവണ 200+ ടോട്ടല്‍ സ്വന്തമാക്കി എന്നീ ക്രമത്തില്‍)
ഇന്ത്യ – 42
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 36
സോമര്‍സെറ്റ് – 36
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 35*
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍ ഇന്നിങ്‌സിന് അടിത്തറയിട്ടു.
ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ ഫില്‍ സാള്‍ട്ടിനെ മടക്കി വാനിന്ദു ഹസരങ്കയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ കയ്യിലൊതുങ്ങും മുമ്പ് 26 റണ്‍സാണ് താരം അടിച്ചെടുത്തത്.
വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി വിരാട് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാരംഭിച്ചു. രണ്ടാം വിക്കറ്റില്‍ 95 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
16ാം ഓവറിലെ ആദ്യ പന്തില്‍ ജോഫ്രാ ആര്‍ച്ചര്‍ രാജസ്ഥാനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 42 പന്തില്‍ 70 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെ നിതീഷ് കുമാര്‍ റെഡ്ഡിയുടെ കൈകളിലെത്തിച്ച് ആര്‍ച്ചര്‍ മടക്കി. തന്റെ ക്രിക്കറ്റ് കരിയറില്‍ ഇതാദ്യമായാണ് ആര്‍ച്ചര്‍ വിരാടിനെ പുറത്താക്കുന്നത്.
അധികം വൈകാതെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ബെംഗളൂരുവിന് നഷ്ടമായി. 27 പന്തില്‍ 50 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ തന്റെ വേഗതയേറിയ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പടിക്കല്‍ മടങ്ങിയത്.
ക്യാപ്റ്റന്‍ രജത് പാടിദാര്‍ (മൂന്ന് പന്തില്‍ ഒന്ന്) പാടെ നിരാശനാക്കിയപ്പോള്‍ ടിം ഡേവിഡും (15 പന്തില്‍ 23), ജിതേഷ് ശര്‍മയും (പത്ത് പന്തില്‍ പുറത്താകാതെ 20) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു 205ലെത്തി.
രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാനിന്ദു ഹസരങ്കയും ജോഫ്രാ ആര്‍ച്ചറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlight: IPL 2025: RCB vs RR: Royal Challengers Bengaluru scored 35th 200+ score in T20