ഐ.പി.എല്‍ 2025 വിരാമം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കലാശപ്പോരില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സുമാണ് ഏറ്റുമുട്ടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങുമ്പോള്‍ പുതിയ ജേതാക്കളെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ട് കന്നി കിരീടം ഉയര്‍ത്തുകയാണ് പ്ലേ ബോള്‍ഡ് ആര്‍മിയുടെ ലക്ഷ്യം. പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ കീഴില്‍ സീസണിലുടനീളം നടത്തിയ പ്രകടനം ടീമിന്റെ നാലാം ഫൈനലിലും തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, പഞ്ചാബ് കിങ്സ് രണ്ടാം ക്വാളിഫയറില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ഫൈനലിലേക്ക് എന്‍ട്രി നടത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് 11 വര്‍ഷത്തിന് ശേഷം പഞ്ചാബിന് ഒരു ഫൈനല്‍ പ്രവേശനം സമ്മാനിച്ചത്. രണ്ടാം ഫൈനലിന് ഇറങ്ങുമ്പോള്‍ കന്നി കിരീടം തന്നെയാണ് പഞ്ചാബിന്റെയും ഉന്നം.
പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്ലിയുമായിരിക്കും 18ാം സീസണിലെ കിരീടപ്പോരിലെ ശ്രദ്ധാ കേന്ദ്രം. ഇപ്പോള്‍ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ്.
മത്സരം പഞ്ചാബിന്റെ ക്യാപ്റ്റനും വിരാട് കോഹ്ലിയും തമ്മിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിരാടിനെ പോലെ ശ്രേയസിനും അതിന് സാധിക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗ്‌രാജ് സിങ്.
‘പഞ്ചാബിന് ഒരു അത്ഭുതകരമായ ക്യാപ്റ്റനുണ്ട്. അവനൊരു അസാമാന്യ കളിക്കാരനാണ്. മത്സരം പഞ്ചാബിന്റെ ക്യാപ്റ്റനും വിരാട് കോഹ്ലിയും തമ്മിലായിരിക്കും. ബെംഗളൂരുവിന് വിരാട് ഉണ്ടെങ്കില്‍ പഞ്ചാബിനത് ശ്രേയസാണ്.
‘വിരാടിനെ പുറത്താക്കിയില്ലെങ്കില്‍ പഞ്ചാബ് ബുദ്ധിമുട്ടും. അദ്ദേഹത്തിന് 250 അല്ലെങ്കില്‍ 300 സ്‌കോര്‍ ചെയ്സ് ചെയ്യാന്‍ കഴിയും. ആദ്യ പത്ത് ഓവറില്‍ വിരാടിനെ പുറത്താക്കിയില്ലെങ്കില്‍ കളി അവസാനിക്കും. പഞ്ചാബിന് ജയിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ യോഗ്‌രാജ് പറഞ്ഞു.
Content Highlight: IPL 2025; RCB vs PBKS: Yograj Singh says that the battle would be between Shreyas Iyer and Virat Kohli