സൂപ്പര്‍ നേട്ടത്തിനരികില്‍ വിരാട്; വേണ്ടത് ഇത്ര മാത്രം...
IPL
സൂപ്പര്‍ നേട്ടത്തിനരികില്‍ വിരാട്; വേണ്ടത് ഇത്ര മാത്രം...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th May 2025, 10:28 am

ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഒന്നാം ക്വാളിഫെയറില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഇന്ന് പരസ്പരം പോരാടാനിറങ്ങുന്നത്. പഞ്ചാബിലെ മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

പഞ്ചാബും ബെംഗളൂരുവും തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. നിലവില്‍ പഞ്ചാബ് സീസണില്‍ ഒമ്പത് വിജയമടക്കം +0.372 എന്ന നെറ്റ് റണ്‍ റേറ്റുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം, ബെംഗളൂരു ഒമ്പത് വിജയമടക്കം +0.301 നെറ്റ് റണ്‍റേറ്റോടെ രണ്ടാം സ്ഥാനത്തുമാണ്.

ഇന്ന് മത്സരത്തിനിറങ്ങുമ്പോള്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ടി – 20 ക്രിക്കറ്റില്‍ 13500 റണ്‍സ് പിന്നിടാനാണ് കോഹ്‌ലിക്ക് അവസരമുള്ളത്. അതിനായി താരത്തിന് 12 റണ്‍സ് മാത്രമാണ് ആവശ്യമുള്ളത്.

പഞ്ചാബിനെതിരെ ഈ നാഴികകല്ല് പിന്നിടാനായാല്‍ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാകാന്‍ വിരാടിന് സാധിക്കും. ക്രിസ് ഗെയ്ല്‍, അലക്‌സ് ഹെയ്ല്‍സ്, ഷൊഹൈബ് മാലിക്, കൈറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റായ ടി 20യില്‍ കോഹ്ലിക്ക് 412 മത്സരങ്ങളിലെ 395 ഇന്നിങ്‌സില്‍ നിന്ന് 13488 റണ്‍സുണ്ട്. അതോടൊപ്പം ഈ ഫോര്‍മാറ്റില്‍ താരത്തിന് ഒമ്പത് സെഞ്ച്വറിയും 105 അര്‍ധ സെഞ്ച്വറികളും നേടാനായിട്ടുണ്ട്. 42.01 ശരാശരിയും 134.75 സ്‌ട്രൈക്ക് റേറ്റുമാണ് ബെംഗളൂരു ബാറ്റര്‍ക്ക് ടി – 20 കരിയറിലുള്ളത്.

വിരാടിന്റെ ടി – 20 കരിയറിലെ 8606 റണ്‍സും ഐ.പി.എല്ലില്‍ നിന്നും സ്‌കോര്‍ ചെയ്തതാണ്. ടൂര്‍ണമെന്റിലെ 265 മത്സരങ്ങളില്‍ എട്ട് സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറികളുമാണ് താരം സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്.

പതിനെട്ടാം സീസണിലും മികച്ച പ്രകടനവുമായാണ് വിരാട് കോഹ്ലി മുന്നോട്ട് പോകുന്നത്. 13 മത്സരങ്ങളില്‍ നിന്ന് 602 റണ്‍സാണ് താരം അടിച്ചെടുത്തത്. 60.20 ആവറേജിലും 147.91 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത ബെംഗളൂരു മുന്‍ നായകന് എട്ട് അര്‍ധ സെഞ്ച്വറികള്‍ നേടാനായിട്ടുണ്ട്.

Content Highlight: IPL 2025: RCB vs PBKS: Virat Kohli needs 12 runs to complete 13500 runs in T20 cricket