18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിന് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ബെംഗളൂരുവിന് വേണ്ടി 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. മാത്രമല്ല ബൗളിങ്ങില്‍ ബെംഗളൂരുവിന് തുണയായത് ക്രുണാല്‍ പാണ്ഡ്യയുടെ മാച്ച് വിന്നിങ് പ്രകടനമാണ്. ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ബൗളിങ്ങില്‍ താരം തന്റെ റോള്‍ ഭംഗിയായി ചെയ്തു. നാലോവര്‍ പന്തെറിഞ്ഞ താരം വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 4.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
പഞ്ചാബിന്റെ തോല്‍വിയെക്കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും സീസണില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ടീമിന് സാധിച്ചെന്നും അതിന് മാനേജ്‌മെന്റും കളിക്കാരും അംഗീകാരം അര്‍ഹിക്കുന്നെന്നും അയ്യര്‍ പറഞ്ഞു. ക്രുണാല്‍ പാണ്ഡ്യയുടെ സ്‌പെല്‍ മത്സരത്തിന്റെ വഴിത്തിരിവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സത്യം പറഞ്ഞാല്‍ എനിക്ക് നിരാശ വലിയ തോന്നുന്നു. എന്നിരുന്നാലും, ഈ സീസണില്‍ ഞങ്ങള്‍ നേടിയ എല്ലാ നേട്ടങ്ങളിലും മാനേജ്‌മെന്റും കളിക്കാരും അംഗീകാരം അര്‍ഹിക്കുന്നു. 200 റണ്‍സ് ഒരു തുല്യ സ്‌കോറാണെന്ന് എനിക്ക് തോന്നി. അവര്‍ നന്നായി പന്തെറിഞ്ഞു, പ്രത്യേകിച്ച് ക്രുണാല്‍ പാണ്ഡ്യ. അദ്ദേഹത്തിന്റെ സ്‌പെല്‍ മത്സരത്തിന്റെ വഴിത്തിരിവായിരുന്നു.
യുവ കളിക്കാരെക്കുറിച്ച്, പ്രത്യേകിച്ച് നമ്മുടെ യുവതാരങ്ങളെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. അടുത്ത വര്‍ഷം ട്രോഫി സ്വന്തമാക്കാനുള്ള ജോലി പകുതി പൂര്‍ത്തിയായെന്ന് വിശ്വസിക്കുന്നു. ഈ വര്‍ഷം ഞങ്ങള്‍ക്ക് വേണ്ടി കളിച്ച കളിക്കാര്‍ അടുത്ത സീസണില്‍ കൂടുതല്‍ അനുഭവപരിചയത്തോടെ തിരിച്ചെത്തും, അവരെ ചുറ്റിപ്പറ്റിയാണ് ഞങ്ങളുടെ തന്ത്രം കെട്ടിപ്പടുക്കുന്നത്,’ അയ്യര്‍ പറഞ്ഞു.
മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ക്രുണാല്‍ പാണ്ഡ്യയായിരുന്നു. പഞ്ചാബിന്റെ വെടിക്കെട്ട് വീരന്മാരായ പ്രഭ്‌സിമ്രന്‍ സിങ്ങിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കളിയുടെ ഗതി മാറ്റിയ വിക്കറ്റുകളായിരുന്നു രണ്ടും. അതേസമയം പഞ്ചാബ് സിംഹങ്ങള്‍ക്ക് വേണ്ടി ശശാങ്കസിങ് 61 റണ്‍സ് നേടി അവസാനം വരെ പോരാടിയെങ്കിലും കാലം കാത്തുവെച്ച വിജയം സ്വന്തമാക്കുകയായിരുന്നു ബെംഗളൂരു.
Content Highlight: IPL 2025: RCB VS PBKS: Shreyas Iyer Talking About Loss In IPL 2025 Final And Krunal Pandya