ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത രണ്ട് ശക്തമായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ഐ.പി.എല്‍ ചാമ്പ്യന്‍സിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്ലോകം. കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഇന്ന് അഹമ്മദാബാദിലാണ് കൊമ്പ് കോര്‍ക്കുന്നത്.
എന്നാല്‍ കിരീടം സ്വപ്‌നം കണ്ടിറങ്ങുന്ന ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടിയാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ബെംഗളൂരുവിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഫൈനലില്‍ ടീമിന് വേണ്ടി കളിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.
ഇ.എസ്.പി.എന്‍ ക്രിന്‍ഫോയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് തന്റെ ആദ്യ കുട്ടിയുടെ ജനനത്തിനായി സാള്‍ട്ട് തന്റെ പങ്കാളിയോടൊപ്പം പോകുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ താരത്തിന്റെ ലഭ്യതയെക്കുറിച്ച് ബെംഗളൂരു ഹെഡ് കോച്ച് ആന്‍ഡി ഫ്‌ളവറും ക്യാപ്റ്റന്‍ രജത് പാടിദാറും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സീസണില്‍ ഇതുവരെ 12 മത്സരത്തില്‍ നിന്ന് 387 റണ്‍സാണ് സാള്‍ട്ട് നേടിയത്. 65 എന്ന ഉയര്‍ന്ന സ്‌കോറോടെ 35.18 ശരാശരിയിലും 175.91 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. സീസണില്‍ നാല് അര്‍ധ സെഞ്ച്വറികളാണ് താരം നേടിയത്.
ഇന്ന് ഫൈനല്‍ പോരാട്ടത്തില്‍ സാള്‍ട്ടില്ലാതെയാണ് ബെംഗളൂരു കളത്തിവല്‍ ഇറങ്ങുന്നതെങ്കില്‍ ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരിക. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബെംഗളൂരുവിന് വമ്പന്‍ താരങ്ങളുണ്ടായിരുന്നിട്ടും കിരീടം നേടാന്‍ കഴിയാത്തത് വലിയ തലവേദനയായിരുന്നു. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ കീഴില്‍ എന്ത് വിലകൊടുത്തും കന്നി കിരീടത്തില്‍ മുത്തമിടാനാണ് ബെംഗളൂരു ഒരുങ്ങുന്നത്.
ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് രജത് പാടിദാറും സംഘവും ഫൈനലില്‍ പ്രവേശിച്ചത്. ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്സ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
Content Highlight: IPL 2025: RCB VS PBKS: Bengaluru Have Big Setback Ahead IPL 2025 Final