ഈ വര്‍ഷം അവന്‍ കിരീടമുയര്‍ത്തും; വമ്പന്‍ പ്രസ്താവനയുമായി സുരേഷ് റെയ്‌ന
2025 IPL
ഈ വര്‍ഷം അവന്‍ കിരീടമുയര്‍ത്തും; വമ്പന്‍ പ്രസ്താവനയുമായി സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th May 2025, 3:54 pm

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് പതിനെട്ടാം സീസണില്‍ ഐ.പി.എല്‍ പൂരം പുനരാരംഭിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമായി ടീമിന് 16 പോയിന്റുണ്ട്. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ബെംഗളൂരുവിന് പ്ലേ ഓഫില്‍ കടക്കാനാവും.

മാത്രമല്ല 18ാം സീസണില്‍ ബെംഗളൂരു കിരീടം സ്വന്തമാക്കുമെന്ന് പറയുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. നീണ്ട 18 വര്‍ഷത്തിന് ശേഷം വിരാട് കോഹ്‌ലി ഐ.പി.എല്‍ കിരീടം സ്വന്തമാക്കുമെന്നാണ് റെയ്‌ന പറയുന്നത്. ടീം എല്ലാ രീതിയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും റെയ്‌ന പറഞ്ഞു.

‘ഈ വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മെച്ചപ്പെട്ടരീതിയില്‍ കളിക്കുന്നതിനാല്‍ അവരുടെ സാധ്യതകള്‍ക്ക് ശക്തമായ കാരണങ്ങളുണ്ട്. ചിന്നസ്വാമിയില്‍ ടോട്ടലുകള്‍ പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അവരുടെ ബൗളിങ് ആക്രമണം ശരിക്കും വര്‍ദ്ധിച്ചു. പുതിയ ക്യാപ്റ്റന്‍ ഇതിനകം തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രണ്ടുതവണ വിജയങ്ങളിലേക്ക് അവരെ നയിച്ചിട്ടുണ്ട്, ഒരിക്കല്‍ ചെന്നൈയിലും ഒരിക്കല്‍ സ്വന്തം മൈതാനത്തും, അവര്‍ വിജയം നേടിയത് വലിയ നേട്ടമാണ്.

ഡ്രസ്സിങ് റൂമിലെ മാനസികാവസ്ഥ വളരെ മികച്ചതാണ്, എല്ലാ വിധത്തിലും മുന്നേറാന്‍ കഴിവുള്ള ഒരു ടീമിന്റെ ലക്ഷണങ്ങളാണിവ. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവയെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും 18 വര്‍ഷത്തിനുശേഷം വിരാട് കിരീടം ഉയര്‍ത്തുന്ന വര്‍ഷമാണിത്,’ റെയ്‌ന സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഐ.പി.എല്‍ തുടങ്ങിയ കാലം മുതല്‍ ബെംഗളൂരുവിന്റെ കൂടെയുണ്ടെങ്കിലും വിരാടിന് ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു കിരീടം നേടാന്‍ സാധിച്ചിട്ടില്ല. വമ്പന്‍ താരങ്ങളുണ്ടായിരുന്നിട്ടും പല സീസണിലും ടീമിന് കിരീടത്തിനടുത്ത് എത്താനായില്ല. നിലവില്‍ എല്ലാ മേഖലയിലും മിന്നും പ്രകടനമാണ് ബെംഗളൂരു കാഴ്ചവെക്കുന്നത്. ടീമിന്റെ ക്യാപ്റ്റന്‍സി രജത് പാടിദാര്‍ ഏറ്റെടുത്തെങ്കിലും പ്രധാന ശ്രദ്ധാകേന്ദ്രം വിരാട് തന്നെയാണ്.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനമാണ് വിരാട് പുറത്തെടുക്കുന്നത്. താരം 11 മത്സരങ്ങളില്‍ ഏഴ് അര്‍ധ സെഞ്ച്വറികള്‍ അടക്കം 505 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 44 ഫോറും 18 സിക്‌സും ഉള്‍പെടും. 63.12 ശരാശരിയും 143.46 സ്‌ട്രൈക്ക് റേറ്റുമാണ് വിരാടിനുള്ളത്.

Content Highlight: IPL 2025: RCB VS KKR: Suresh Raina Hopes Virat Kohli Will Won IPL 2025